തിരുവനന്തപുരം: സ്ത്രീ പീഡനം സംബന്ധിച്ച് പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവന്നെങ്കിലും അധികാരികളില്‍ അതേക്കുറിച്ച് അജ്ഞത തുടരുകയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പീഡനത്തിന് ഇരയാകുന്നവരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ദാരുണമായ ദല്‍ഹി സംഭവത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ വരുത്തിയ ഭേദഗതികളെക്കുറിച്ച് ഇന്നും അധികാരികള്‍ക്കിടയില്‍ അജ്ഞത നിലനില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഗതകുമാരി നേതൃത്വം നല്കുന്ന സന്നദ്ധസംഘടനയായ അഭയയുടെ 30-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നിന്നു സൗജന്യ ചികിത്സ ലഭിക്കുമെന്നതാണ് പ്രധാനകാര്യം. ഇരയുടെ മൊഴി വനിതാ പോലീസ് ഓഫീസര്‍ തന്നെ നിര്‍ബന്ധമായും രേഖപ്പെടുത്തണം.
സിആര്‍പിസി 161-ാം വകുപ്പു പ്രകാരം ഇര നല്കുന്ന രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുമ്പോഴും വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ സാക്ഷിയായിരിക്കണം. എന്നാല്‍ ഈ ഭേദഗതികള്‍ പലതും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. താന്‍ ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ പശ്ചിമബംഗാളില്‍ ഒരു കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ ഡിജിപിമാര്‍ക്കും ഈ ഭേദഗതികള്‍ കര്‍ശനമായി പിന്തുടരാന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ അയച്ചതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍ക്കുള്ളില്‍ എന്തു നടക്കുന്നു എന്ന് പൊതുസമൂഹത്തിന് മനസ്സിലാക്കി കൊടുക്കുന്നതില്‍ അഭയ വിജയിച്ചു. മാനവ സേവ തന്നെയാണ് മാധവസേവ. കര്‍മം ചെയ്യാനേ നമുക്ക് അധികാരമുള്ളു. ഫലം തെരഞ്ഞെടുക്കുന്നതിലില്ലെന്ന ഗീതാവചനം അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനമാണ് അഭയയുടെത്.
വീടില്ലാത്തവര്‍ക്കു വീടു നല്കുന്ന, ആലംബഹീനരുടെ ആലംബമായ അഭയ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി ഡോ എം.കെ. മുനീര്‍ ആധ്യക്ഷ്യം വഹിച്ചു. സേവനം ചെയ്യാനുള്ള അവസരം ആരും പാഴാക്കരുതെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. ഒരു നല്ല വാക്ക്, നല്ല നോട്ടം എങ്കിലും വേണം. അത് പാഴാക്കരുത്. വിവിധങ്ങളായ പ്രശ്നങ്ങളാല്‍ സാമൂഹ്യാന്തരീക്ഷം കലുഷിതമാണ്. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്.
അതിന് പരിഹാരം കണ്ടെത്തുന്ന അഭയയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.എംഎല്‍എമാരായ ഡോ ടി.എം. തോമസ് ഐസക്, കെ.എസ്. ശബരീനാഥന്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ. ലളിതാംബിക എന്നിവര്‍ സംസാരിച്ചു. അഭയയുടെ സ്മരണിക ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ജെ. ലളിതാംബികയ്ക്കു നല്കി പ്രകാശിപ്പിച്ചു. അഭയ പ്രസിഡന്റ് അഡ്വ പി.എ. അഹമ്മദ് സ്വാഗതവും സെക്രട്ടറി സുഗതകുമാരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാര്‍വതി ബാവുല്‍ അവതരിപ്പിച്ച ബാവുല്‍ സംഗീതവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: