കൊച്ചി: കുടുംബ തര്‍ക്കത്തെ തുടര്‍ന്നു ചികിത്സ തടസപ്പെട്ട ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചുവെന്നും ചികിത്സ ആരംഭിച്ചുവെന്നും വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കരള്‍മാറ്റ ശസ്ത്രക്രീയ നടത്തുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ചികിത്സാ ചെലവ് കണക്കാക്കി അറിയിക്കണമെന്നും ഹൈക്കോടതി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി നല്കിയ ഉത്തരവിനെ തുടര്‍ന്നു കുഞ്ഞിനു ചികിത്സ ആരംഭിച്ചുവെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി പറഞ്ഞൂ. കരള്‍ ദാതാവുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടത്തി വരുകയാണ്. ചികിത്സാ ചെലവിനായി തിരുവനന്തപുരം പൂജപ്പൂരയിലെ എസിബിടി അക്കൗണ്ടിലേയ്ക്ക് 2,91,054 രൂപയാണ് ലഭിച്ചത്. ഇതില്‍ നിന്നു 1,60,000 രൂപ കുട്ടിയുടെ മാതാവ് പിന്‍വലിച്ചിട്ടുണ്ട്. ഈ അക്കൗണ്ടില്‍ അവശേഷിക്കുന്നത് 130530 രൂപ മാത്രമാണ്.
ഹര്‍ജിക്കാരനായ പിതാവിനും, കുഞ്ഞിന്റെ മാതാവിനും ആശുപത്രിയില്‍ കുഞ്ഞിനെ ശുശ്രൂക്ഷിക്കുന്നതിനു കോടതി അനുമതി നല്‍കിയിട്ടുമുണ്ട്. ഒന്‍പത് മാസം പ്രായമുള്ള അലിയ ഫാത്തിമയ്ക്ക് ഭാര്യയും, ഭാര്യാ പിതാവും ചേര്‍ന്നു ചികിത്സ നിഷേധിക്കുന്നവെന്നും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തിപരമായി താല്പര്യം എടുത്ത് നടപടികള്‍ സ്വീകരിക്കണമെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കുടുംബ തര്‍ക്കത്തെ തുടര്‍ന്നു അടിയന്തിര ചികിത്സ ലഭിക്കേണ്ട അലിയ ഫാത്തിമയ്ക്ക് ഭാര്യയും, ഭാര്യാ പിതാവും ചേര്‍ന്നു ചികിത്സ നിഷേധിക്കുന്നവെന്നാരോപിച്ചാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം ചൊവ്വര സ്വദേശി ബഷീര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹീം, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: