കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് എബിവിപി ദേശീയ സഹ സംഘടന സെക്രട്ടറി ജി. ലക്ഷ്മണ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബിടെക്, മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകളില്‍ പല തരത്തിലുള്ള ഫീസാണ് വാങ്ങുന്നത്. ഇതിന് നിയന്ത്രണം വേണമെന്നും ഇതിന് സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈക്കാര്യത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ പ്രശംസനീയമാണ്. കേന്ദ്ര ബജറ്റില്‍ പത്ത് ശതമാനം ഫണ്ട് വിദ്യാഭ്യാസ മേഖലയിലേക്ക് മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം മൗലികാവകാശമായി കണക്കാക്കി സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം. നമ്മുടെ സംസ്കാരവും ചരിത്രവും മറന്ന് സിലബസ് തയ്യാറാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എബിവിപി സംസ്ഥാന സമ്മേളനം 30,31 തീയതി എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുമെന്നും ഭാരാവാഹികള്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്ര, വൈസ് പ്രസിഡന്റ് സുബ്ബയ്യ, സംഘടന സെക്രട്ടറി സുനില്‍ അംബേദ്ക്കര്‍, ഇ.എന്‍. രഘുനന്ദന്, ജി. ലക്ഷമണ് എന്നിവര്‍ പങ്കെടുക്കുമെന്ന് ദേശീയ സമിതിയംഗം ശ്യാംരാജ്, സമ്മേളനം ഓര്‍ഗനൈസിംഗ് സെക്രട്ടറി മിഥുന്‍രാജ് എന്നിവര്‍ പറഞ്ഞു. അയ്യായിരം പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: