തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ശിവഗിരി സന്ദര്‍ശിച്ചു. ശ്രീനാരായണ ഗുരുദേവന്റെ സമാധിയില്‍ പ്രണാമമര്‍പ്പിച്ച ശേഷം അദ്ദേഹം ശാരദാമഠത്തില്‍ നിന്ന് സമാധിമന്ദിരത്തിലേക്കുള്ള നവീകരിച്ച കല്‍പ്പടവുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ക്കല ഹെലിപ്പാഡില്‍ നിന്ന് കാര്‍മാര്‍ഗം ശിവഗിരി സമാധിയിലെത്തിയ ഉപരാഷ്ട്രപതിയെ ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് ജനറല്‍സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയ സന്ന്യാസിവര്യന്മാര് ചേര്‍ന്ന് സ്വീകരിച്ചു. ശിവഗിരിയില്‍ അദ്ദേഹം ഏതാണ്ട് 25 മിനിട്ടോളം ചെലവഴിച്ചു.
കല്‍പ്പടവുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം അതിലൂടെ നടന്ന് താഴെയെത്തിയ ഉപരാഷ്ട്രപതി വൈദിക മഠത്തിന് മുന്നില്‍ ഇലഞ്ഞിത്തൈ നട്ടു. വൈദികമഠത്തിന് മുന്നില്‍ വച്ച് സ്വാമി പ്രകാശാനന്ദയെ വന്ദിച്ച് മഠം സന്ദര്‍ശിച്ചു. ഗുരുദേവന് രചിച്ച ദര്ശനമാലയുടെയും കുമാരനാശാന് ഗുരുദേവന്റെ 60-ാം ജന്മദിനത്തില് ഗുരുദേവന് സമര്‍പ്പിച്ച ഗുരുസ്തവത്തിന്റെ നമുക്ക് ജാതിയില്ലെന്ന ഗുരുദേവന്റെ വിളംബരത്തിന്റെയും ശതാബ്ദി ആഘോഷങ്ങളും അദ്ദേഹം അവിടെ വച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ശാരദാമഠത്തില്‍ എത്തി പ്രാര്‍ഥന അര്‍പ്പിച്ചശേഷം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: