തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ മെച്ചപ്പെടുത്താന്‍ ചാന്‍സലര്‍ എന്ന വിധത്തില്‍ ലഭിച്ച അധികാരം പൂര്‍ണ്ണമായും വിനിയോഗിക്കുമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ എന്ന ഭരണഘടനാപരമായ സ്ഥാനത്തിന് നിരവധി പരിമിതികളുണ്ട്. എന്നാല്‍ സര്‍വ്വകലാശാലകളുടെ നിയമാവലിയില്‍ ചാന്‍സലര്‍ക്കുള്ള അധികാരങ്ങള്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ചാന്‍സലര്‍ക്ക് വിപുലമായ അധികാരമാണ് സര്‍വ്വകലാശകളുടെ ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ളത്. സര്‍വ്വകലാശാലകളെക്കുറിച്ചും വിവിധ സര്‍ക്കാര്‍ വകുപ്പുകളെക്കുറിച്ചും ദിനവും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. പരാതി നല്കുന്നവര് വ്യക്തമായ മേല്‍വിലാസം നല്‍കാത്തത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു.
പരാതികള്‍ ചീഫ് സെക്രട്ടറിക്കും, മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെല്ലിനും കൈമാറും. പുറമെ ഇതിലുണ്ടായ നടപടികള്‍ അറിയിക്കണമെന്നും നിര്‍ദേശിക്കാറുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം. വിധി പ്രസ്താവം പൂര്‍ണമായി കേട്ട ശേഷം മാത്രമേ അവ റിപ്പോര്‍ട്ട് ചെയ്യാവൂ. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം കാരണം ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ല.
വിചാരണയ്ക്കിടയില്‍ ജഡ്ജിമാര്‍ തമ്മിലും ജഡ്ജിമാരും അഭിഭാഷകരും തമ്മിലും പലകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. ന്യായാധിപര്‍ക്ക് അഭിഭാഷകരോടു പലകാര്യങ്ങളും ചോദിക്കേണ്ടി വരും. ഇങ്ങനെ ചോദിക്കുന്നവ വാര്ത്തായാക്കരുത്. വിധി പ്രസ്താവം പൂര്‍ണമായി വന്ന ശേഷമോ അല്ലെങ്കില്‍ വാചികമായ ഉത്തരവുകളോ മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കാവൂയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അച്ചടിദൃശ്യ വിഭാഗം ജേര്‍ണലിസം കോഴ്സുകളുടെ 2012-13, 2013-14 വര്ഷങ്ങളിലയും ഫോട്ടോ ജേര്‍ണലിസം കോഴ്സിന്റെയും വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് ആര്. അജിത് കുമാര്‍, സെക്രട്ടറി എസ്.എല്‍. ശ്യാം, ജോയിന്റ് സെക്രട്ടറി ജി. രാജേഷ് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ജേര്‍ണലിസം ഡയറക്ടര്‍ എസ.് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: