കൊച്ചി: ആയിരം കോടിക്ക് മുകളിൽ കടം. കഴിഞ്ഞ വർഷത്തെ മാത്രം നഷ്ടം മുന്നൂറ് കോടിയിലേറെ. ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. ഇതാണ് ഒരു കാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന ഫാക്ടിന്റെ ഇന്നത്തെ അവസ്ഥ. ആയിരം കോടിയുടെ സഹായം കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമ്പോൾ അത് പുതുജീവനാണ് ഫാക്ടിന്. ഒന്നിൽ നിന്ന് തുടങ്ങി ഒന്നാമതെത്താനുള്ള മൃതസഞ്ജീവനിയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്.
കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് 991 കോടി രൂപയുടെ പാക്കേജ് സംസ്ഥാനം സമർപ്പിച്ചത്. എന്നാൽ കേന്ദ്രം കണ്ണുതുറന്നില്ല. മോദി സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം ഫാക്ടിന് പ്രത്യേക പരിഗണന ലഭിച്ചു. മന്ത്രിമാരായ അനന്ത്കുമാറും നിതിൻ ഗഡ്കരിയും കൊച്ചിയിലെത്തി ഫാക്ട് സന്ദർശിക്കുകയും ചെയ്തു. ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഫാക്ടിനാവശ്യമെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ഫാക്ടിന്റെ ഭൂമി കേന്ദ്രത്തിന് കൈമാറിയാൽ സാമ്പത്തിക സഹായം അനുവദിക്കാമെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനം ഇതിന് തയ്യാറായില്ല. 140 ഏക്കർ കേന്ദ്രത്തിന് കൈമാറാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ഇത് സ്വകാര്യവ്യക്തികൾക്ക് നൽകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അമ്പലമുകൾ റിഫൈനറിക്ക് സമീപം 146 ഏക്കർ കേന്ദ്രം സംസ്ഥാനത്തിന് പകരമായി കൈമാറും. നേരത്തെ ഇക്കാര്യം സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷം പലിശയിനത്തിൽ ഫാക്ട് നൽകിയ ഇരുനൂറ് കോടിയെങ്കിലും ലാഭിക്കാമായിരുന്നു.
ഫാക്ടംഫോസ് ഉത്പാദനത്തിനായി ഇപ്പോൾ അമോണിയ ഇറക്കുമതി ചെയ്യുകയാണ്. സാമ്പത്തിക ബാധ്യതക്ക് പുറമെ ആവശ്യത്തിന് അമോണിയ ഇറക്കുമതി ചെയ്യാനാകാത്ത സാഹചര്യവുമുണ്ട്. കേന്ദ്രസർക്കാരിന്റെ സഹായം ലഭിച്ചാൽ നാച്ചുറൽ ഗ്യാസിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) യുമായി കരാറിലേർപ്പെടാനും എൽഎൻജി ഉപയോഗിച്ച് അമോണിയ ഉത്പാദിപ്പിക്കാനും സാധിക്കും. ഇരുനൂറ് കോടിയോളം രൂപ കുടിശ്ശികയുള്ളതിനാൽ ഗെയ്ലുമായുള്ള വാതകവിതരണ കരാർ നിലച്ചിരിക്കുകയാണ്.
ആറ് മാസത്തോളമായി അമോണിയ പ്ലാന്റ് പ്രവർത്തിക്കുന്നുമില്ല. ഗ്യാസിന് വിലകുറഞ്ഞ സാഹചര്യത്തിൽ ഗെയ്ലുമായി കരാർ പുനസ്ഥാപിക്കുന്നത് സാമ്പത്തിക ലാഭത്തോടൊപ്പം പൂർണതോതിൽ ഫാക്ട് പ്രവർത്തന സജ്ജമാക്കാനുമാകും. കുറഞ്ഞ നിരക്കിൽ അമോണിയ ഉത്പാദിപ്പിക്കാനാകുന്നതോടെ എല്ലാ പ്ലാന്റുകൾക്കും ലാഭകരമായി പ്രവർത്തിക്കാനാകും. മൂന്ന് വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന, ആയിരം കോടിയോളം വിറ്റുവരവുള്ള കാപ്രോലാക്ടൻ പ്ലാന്റും പ്രവർത്തനം തുടങ്ങും. ഇത് അഞ്ഞൂറോളം പേർക്ക് കൂടുതലായി തൊഴിൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് വർഷത്തോളമായി ഫാക്ട് നഷ്ടത്തിലായിട്ട്. ബാങ്കിൽ നിന്നും വായ്പയെടുത്താണ് ജീവനക്കാർക്ക് ശമ്പളം നൽകി വരുന്നത്. ഇതിന് പുറമെ ബിപിസിഎൽ കൊച്ചി റിഫൈനറി, എംഎംടിസി എന്നിവയ്ക്കും കുടിശ്ശിക നൽകാനുണ്ട്. അസംസ്കൃത വസ്തുക്കൾ വാങ്ങാൻ സാധിക്കാത്തതിനാൽ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുമാകുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: