തിരുവനന്തപുരം : വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു.കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളിലും അതത് വാഹനങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ള രജിസ്ട്രേഷന് മാര്‍ക്ക് പ്രദര്‍ശിപ്പിക്കണം. രജിസ്റ്റര്‍ നമ്പര്‍ മറയ്ക്കുന്ന രീതിയിലുള്ള ഔദ്യോഗിക ബോര്‍ഡുകള്‍, ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.
ഗവര്‍ണറുടെ വാഹനത്തിന്റെ മുന്നിലും പിന്നിലും ഗവര്‍ണ്ണര്‍ ഓഫ് കേരള ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. മന്ത്രിമാരുടേയും തത്തുല്യ പദവി വഹിക്കുന്നവരുടേയും വാഹനത്തിന്റെ മുന്നിലും പിന്നിലും ക്രമനമ്പറിനൊപ്പം കേരള സര്‍ക്കാര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. ബോര്‍ഡിന്റെ നിറം ചുവപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമാകണം. എംപിമാരും എംഎല്‍എമാരും വാഹനത്തിന്റെ മുന്നിലും പിന്നിലും എം.പി, എം.എല്‍.എ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. ബോര്‍ഡിന്റെ നിറം ചുമപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പും. കളക്ടര്‍മാരുടെ വാഹനങ്ങളുടെ മുന്നിലും പിന്നിലും ജില്ലാ കളക്ടര്‍ ബോര്‍ഡ് വയ്ക്കാം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങള്‍, നിയമപരമായ കമ്മീഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ വാഹനങ്ങളില്‍ വകുപ്പിന്റെയോ, അധികാര സ്ഥാപനത്തിന്റെയോ, ബോര്‍ഡിന്റെയോ ബോര്‍ഡ് വയ്ക്കാം.ബോര്‍ഡിന്റെ നിറം ചുവപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം. കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് പാടില്ല. ഈ സ്ഥാപനങ്ങളുടെ തലവന്മാരുടെ വാഹനത്തിന്റെ മുന്നിലും പിന്നിലും ഔദ്യോഗിക പദവി ബോര്‍ഡ് വയ്ക്കാം.
പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, ഹൈക്കോടതി, ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപനത്തിന്റെ പേരുള്ള ബോര്‍ഡ് വയ്ക്കാം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍ ഈ ബോര്‍ഡിനു താഴെയായി A State Government Undertaking അല്ലെങ്കില്‍ A Central Government Undertaking എന്ന ബോര്‍ഡ് കൂടി പ്രദര്‍ശിപ്പിക്കണം.
യൂണിവേഴ്സിറ്റി വാഹനങ്ങളില്‍ യൂണിവേഴ്സിറ്റിയുടെ പേര് സൂചിപ്പിക്കാം. വൈസ് ചാന്‍സലര്‍മാരുടെ വാഹനങ്ങളില്‍ മുന്‍വശത്തും പുറകു വശത്തും അവരുടെ പദവി സൂചിപ്പിക്കുന്നബോര്ഡ് വയ്ക്കാം. ബോര്‍ഡിന്റെ നിറം ഇളം നീലയും അക്ഷരങ്ങളുടെ നിറം വെളുപ്പും.
കേരള ഹൈക്കോടതിയിലെ ഓഫീസര്‍മാര്‍, ഹൈക്കോടതിയിലെ കേന്ദ്ര ഗവണ്മെന്റ് കൗണ്‍സല്‍മാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ ഡപ്യൂട്ടി സെക്രട്ടറി പദവി വഹിക്കുന്നവര്‍, അതിനുമേലെയുള്ള പദവി വഹിക്കുന്നവര്‍, പെര്‍മനന്റ് ലോക് അദാലത്ത് ചെയര്മാന് എന്നിവരുടെ സ്വന്തം വാഹനങ്ങളില്‍ അവരുടെ പദവി ബോര്‍ഡ് വയ്ക്കാം. പെര്‍മനന്റ് ലോക് അദാലത്ത് ചെയര്മാന് ഈ പദവി വഹിക്കുന്ന കാലമത്രയും മാത്രമേ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുകയുള്ളൂ. ബോര്‍ഡിന്റെ നിറം ചുവപ്പും അക്ഷരങ്ങളുടെ നിറം വെളുപ്പുമായിരിക്കണം.
നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ് ഉറപ്പുവരുത്താന്‍ നടപടികള്‍ എല്ലാ എന്‍ഫോഴ്സ്മെന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരും ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരും സ്വീകരിക്കണം. അനധികൃതമായി Kerala State എന്ന ബോര്‍ഡു വയ്ക്കുവാന്‍ പാടില്ല. ചട്ട വിരുദ്ധമായി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ബോര്‍ഡ് നീക്കം ചെയ്യുന്നതും പിഴ ഈടാക്കുന്നതും ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനു വിപരീതമായി ഏതെങ്കിലും വാഹനത്തില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്തോ വാട്സ് ആപ്പ് വഴിയോ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: