തൃശൂര്‍: താന്‍ ബൈപോളാര്‍ (ഉന്മാദ വിഷാദ രോഗം) രോഗത്തിന് ചികില്‍സ തേടുന്നയാളാണെന്നും, ചന്ദ്രബോസ് വധക്കേസില്‍ തന്നെ പ്രതിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ -മാധ്യമ ഗൂഢാലോചനയാണെന്നും മുഹമ്മദ് നിസാം. വിചാരണക്കോടതിയില്‍ നല്കിയ അധിക മറുപടിയിലാണ് പുതിയ വിശദീകരണം. 12 പേജുള്ള വിശദീകരണത്തില്‍ തനിക്കെതിരെ പോലീസ്-രാഷ്ട്രീയ- മാധ്യമ ഗൂഢാലോചനയാണെന്നും, വാഹനത്തിന് മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് പരുക്കേറ്റ ചന്ദ്രബോസിനെ രക്ഷപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും നിസാം പറയുന്നു.
ക്രിമിനല്‍ നിയമത്തിലെ 313 (5) ചട്ടമനുസരിച്ചുള്ള അധിക മറുപടി വിശദീകരണം വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. താന്‍ രാഷ്ട്രീയക്കാര്‍ക്ക് പിരിവോ, മാധ്യമങ്ങള്‍ക്ക് പരസ്യമോ നല്‍കാറില്ല. അതിലുള്ള വിരോധമാണ് തനിക്കെതിരെ കള്ളക്കഥകളുണ്ടാക്കുന്നതിന് പിന്നില്‍.. പരിക്കേറ്റ തനിക്ക് പോലീസ് ചികില്‍സ ലഭ്യമാക്കിയില്ല.
സംഭവദിവസം രാത്രിയില്‍ ബിസിനസ് മീറ്റിങ്ങുകള്‍ കഴിഞ്ഞ് ഏറെ ക്ഷീണിതനായാണ് എത്തിയത്. ശോഭാസിറ്റിയുടെ ഗേറ്റ് അടഞ്ഞ് കിടക്കുന്നത് കണ്ട്, ഭാര്യയെ വിളിച്ച് ഹര്ത്താലാണോയെന്ന് ചോദിച്ചു. ഇതിനിടയില്‍ യൂണിഫോമിലല്ലാതെ ചന്ദ്രബോസ് വന്നു. സ്റ്റിക്കര്‍ പതിക്കുന്നത് സംബന്ധിച്ച് തര്‍ക്കവും താനുമായി അടിപിടിയുമുണ്ടായി. ചന്ദ്രബോസ് ബാറ്റണുപയോഗിച്ച് തന്നെ അടിച്ചു. വലത് കൈക്ക് പരുക്കുണ്ട്.
നേരത്തെ തന്നെ ഈ കയ്യിന് സ്വാധീനക്കുറവുണ്ട്. ചന്ദ്രബോസിന്റെ ആക്രമണത്തില്‍ വലത് ചെവിക്കും, കണ്ണിനും പരുക്കേറ്റു. താന്‍ വാഹനത്തില്‍ വേഗം കയറി ഫൗണ്ടനെ ചുറ്റി വരുന്നതിനിടയില്‍ പൊട്ടിയ ചില്ലുമെടുത്ത് ചന്ദ്രബോസ് തന്നെ ആക്രമിക്കാനായി വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടി. താന്‍ മുമ്പ് ഹമ്മര്‍ വാഹനം ഓടിച്ച് പരിചയമില്ല, ഓടിച്ചിരുന്ന വാഹനം രണ്ട് ദിവസമേ ആയിരുന്നുള്ളൂ തനിക്ക് കിട്ടിയിട്ട്. പരിക്കേറ്റ ചന്ദ്രബോസിനെ ഫൗണ്ടനില്‍ പിടിച്ച് ഇരുത്തി. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരായ ആറുമുഖന്‍, ജയശങ്കര്‍, ഗിരീഷ്കുമാര്‍ എന്നിവര്‍ തനിക്ക് നേരെ ഓടിവന്നു.
ആശുപത്രിയില്‍ കൊണ്ടുപോകാനായിട്ടാണ് ഭാര്യയെ വിളിച്ചത്. ഭാര്യയുമായി ചേര്‍ന്ന് ചന്ദ്രബോസിനെ വാഹനത്തില്‍ കയറ്റി. അസോസിയേഷന് നേതാക്കളെയും കൂട്ടി ആശുപത്രിയിലാക്കാമെന്ന് കരുതിയാണ് ശോഭാസിറ്റിയിലെ ടോപ്പസ് ഫ്ളാറ്റിലെ പാര്‍ക്കിങ് ഏരിയായിലേക്ക് എത്തിയത്. ഇവിടെയത്തെിയപ്പോള്‍ ചന്ദ്രബോസ് വാഹനത്തില്‍ നിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇറങ്ങുന്നതിനിടയില്‍ താഴെ വീണു. ഇതിനിടയില്‍ പൊലീസും മറ്റുള്ളവരും എത്തി ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തന്നെ മറ്റുള്ളവര്‍ ആക്രമിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്താനാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. പരുക്കേറ്റ് ചികില്‍സ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അത് നിഷേധിച്ച് പേരാമംഗലം സി.ഐ തിരുന്നെല്‍വേലി, ബംഗ്ളൂര് എന്നിവിടങ്ങളിലേക്ക് തന്നെ കൊണ്ടുനടക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകളും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും നിസാം കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
വിചാരണയിലെ പ്രധാന നടപടിക്രമമായ കുറ്റവിമുക്ത വാദം തിങ്കളാഴ്ച നടക്കും. വ്യാഴാഴ്ച പ്രതി മുഹമ്മദ് നിസാമിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ കോടതി, വെള്ളിയാഴ്ച അധിക മറുപടി വിശദീകരണവും സ്വീകരിച്ചു. ക്രിമിനല്‍ നിയമത്തിലെ 232-ാം വകുപ്പ് അനുസരിച്ചുള്ളതാണ് കുറ്റവിമുക്തവാദ നടപടി. ഇതിനുള്ള സാധ്യതയൊരുക്കാനുള്ള ശ്രമമായിരുന്നു വിഷാദ രോഗത്തിന് (ബൈപോളാര്‍) ചികില്‍സ തേടുന്നുണ്ടെന്ന പുതിയ വാദവും, വാഹനം കൊലപ്പെടുത്താന്‍ വേണ്ടി ഇടിച്ചിട്ടതല്ല, തന്നെ ആക്രമിക്കാനത്തെിയപ്പോള് വാഹനത്തിന് മുന്നിലേക്ക് ചാടിയതാണെന്നുമുള്ള നിസാമിന്റെ അധിക വിശദീകരണവുമെന്നാണ് വിലയിരുത്തുന്നത്.
നേരത്തെ ടി.പി.ചന്ദ്രശേഖരന് വധക്കേസിലും, തലശേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് ചാവശേരി ഉത്തമന് വധക്കേസിലും പ്രതികളാക്കപ്പെട്ട സി.പി.എം നേതാവ് കാരായി രാജന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ 232ാം വകുപ്പ് അനുസരിച്ചുള്ള വാദത്തിലാണ് കോടതി അന്തിമ വിധിക്കു മുമ്പ് കുറ്റവിമുക്തരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: