കൊച്ചി: തികച്ചും നാടകീയമായിട്ടായിരുന്നു ആ യാത്രയുടെ തുടക്കം. ആവേശത്തോടെ തന്നെ. ഒടുവില്‍ രാത്രിയിലും സിഡിക്കായി തെരച്ചില്‍. രാത്രി പത്തരയോടെ ഒരു കാര്യം വെളിവായി. കോയമ്പത്തൂരില്‍ ബിജു താമസിച്ചിരുന്ന വീട്ടില്‍ സിഡിയില്ല. അത് വിവരം അറിഞ്ഞ് സരിത മാറ്റിച്ചുവെന്നാണ് ഇപ്പോള്‍ ബിജു പറയുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക ആരോപണങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡിതേടിയുള്ള യാത്രയാണ് ഇന്നലെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഏതാനും മന്ത്രിമാരും എംഎല്‍എയും സോളാര്‍ കേസിലെ കൂട്ടുപ്രതി സരിതാ എസ്. നായരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷന് മുമ്പില്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ തെളിവ് അടങ്ങുന്ന സിഡി കമ്മീഷന് മുമ്പാകെ ഇന്നലെ ഹാജരാക്കാന്‍ ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് മുന്നില്‍ ഹാജരായ ബിജു തെളിവ് അടങ്ങുന്ന സിഡി ഹാജരാക്കാന്‍ 10 മണിക്കൂര്‍ ആവശ്യപ്പെട്ടു. മൂന്ന് സിഡികള്‍ ഉണ്ടെന്നും അതില്‍ ഒന്ന് വിദേശരാജ്യത്താണെന്നും എത്തിക്കുന്നതിന് ഫെബ്രുവരി 15 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു സിഡി കോയമ്പത്തൂരില്‍വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് പിടിച്ചെടുത്തു. മൂന്നാമത്തെ സിഡി എറണാകുളത്തുനിന്നും കാറില്‍ ആറ് മണിക്കൂര്‍ സഞ്ചരിച്ചാല്‍ കിട്ടുമെന്നും പറഞ്ഞു. കൂടാതെ കേരളത്തിന് പുറത്താണ് ഈ സ്ഥലമെന്നും സൂചിപ്പിച്ചു.
എന്നാല്‍ തെൡവ് ഹാജരാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ഇന്നലെത്തന്നെ തെളിവ് പിടിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഉച്ചകഴിഞ്ഞ് തെളിവ് പിടിച്ചെടുക്കാനുള്ള ദൗത്യസംഘം പുറപ്പെട്ടത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഉത്തരവ്. തുടര്‍ന്ന് മൂന്നരയോടെ കാറില്‍ കമ്മീഷന്റെ അഭിഭാഷകന് ഹരികുമാറും ബിജുവും നാലു പോലീസുകാരുമാണ് സിഡി തേടി തിരിച്ചത്. എന്നാല്‍ അഭിഭാഷകനെയും കൂടെകൂട്ടണമെന്ന ബിജുവിന്റെ ആവശ്യം കമ്മീഷന് അനുവദിച്ചില്ല.
ദൗത്യസംഘം കാര്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും പോകുന്ന സ്ഥലത്തെക്കുറിച്ച് മറ്റാരോടും സംസാരിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശവും കമ്മീഷന് നല്കിയി. കമ്മീഷന്റെ ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നുമില്ല. ചാനല്‍പ്പടയും സംഘത്തിനൊപ്പം യാത്രതിരിച്ചു.
രാത്രി എട്ടരയോടെ സംഘം കോയമ്പത്തൂരില്‍ എത്തി. ബിജു രാധാകൃഷ്ണന് മുന്‍പ് താമസിച്ചിരുന്ന ചന്ദ്രന് എന്നയാളുടെ വസതിയിലായിരുന്നു ഇവര്‍ എത്തിയത്.
ചന്ദ്രന് സ്ഥലത്തില്ലായിരുന്നു. ഫോണിലാണ് ഇയാള്‍ സംഘവുമായി ബന്ധപ്പെട്ടത്. അല്പ്പനേരത്തിനു ശേഷം ചന്ദ്രന്റെ ബന്ധു ശെല്‍വിയുടെ കൈയില്‍ സിഡിയുണ്ടെന്നായി. അവര്‍ എത്തിയെങ്കിലും സിഡിയൊന്നും നല്‍കിയില്ല.അവരുടെ കൈയില്‍ ഉണ്ടായിരുന്നുമില്ല. തുടര്‍ന്ന് ഇത് കണ്ടെത്താനുള്ള ശ്രമമായി. പാതിരാവരെ തെരച്ചില്‍ നടത്തിയിട്ടും സിഡി കിട്ടിയില്ല. ബിജു ഇവിടെയെത്തുമെന്ന് മനസിലാക്കി സരിത തന്റെ അടുത്ത സുഹൃത്തു കൂടിയായ ചന്ദ്രന്റെ ബന്ധു ശെല്‍വിയുടെ സഹായത്തോടെ സിഡിയും പെന്‍ഡ്രൈവും മാറ്റിയെന്നാണ് സംശയം. ബിജു പറയുന്നതും ഇതുതന്നെയാണ്. ഒടുവില്‍ സംഘം സിഡിയില്ലാതെ കൊച്ചിക്ക് മടങ്ങി.
അതിനിടെ സിഡി യാത്രയ്ക്ക് നല്കുന്ന പ്രാധാന്യം വലിയ ചര്‍ച്ചയ്ക്കും ഇടയാക്കി. ഹൃദയശസ്ത്രക്രിയക്ക് വേണ്ടി ഹൃദയവുമായി പായുന്ന വലിയ മഹത്തായ ദൗത്യത്തിന്റെ തല്‍സമയ വാര്‍ത്തകളും പത്രവാത്തകളും ജനം വളരെ ശ്രദ്ധയോടെ വായിക്കുകയും വീക്ഷിക്കുകയും ചെയ്ത ഒന്നാണ്. ഉണ്ടെന്ന് പറയപ്പെടുന്ന ഒരു നീല സിഡി തേടിയുള്ള യാത്രയ്ക്കും അതുപോലെ വലിയ പ്രാധാന്യം നല്‍കുകയും അതിനു പുറമേ പോയി തത്സമയ സംപ്രേഷണം ചെയ്യുകയും ചെയ്ത നടപടി ശരിയായില്ലെന്നാണ് വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: