കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സരിത എസ്. നായര്‍, ശാലുമേനോന്, അഡ്വ. ഫെനി ബാലകൃഷ്ണന്, പി.എ. മാധവന് എംഎല്‍എ എന്നിവരെ ക്രോസ്വിസ്താരം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സോളാര്തട്ടിപ്പ്കേസിലെ പ്രതി ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മുമ്പാകെ അപേക്ഷ നല്കി. കൂടാതെ തന്നെയും സരിതയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും അപേക്ഷയില്‍ ഉണ്ട്. ഇന്നലെ രാവിലെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായപ്പോഴാണ് ബിജു ഇക്കാര്യങ്ങള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് കമ്മീഷന് പറഞ്ഞു.
കഴിഞ്ഞ 3 ന് മൊഴി നല്കാന് കമ്മീഷന് മുന്നില്‍ ഹാജരായപ്പോഴാണ് ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോണ്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന് എംഎല്‍എ, മന്ത്രി ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്ത്, മന്ത്രി അനില്‍കുമാറിന്റെ പിഎ നസറുദ്ദീന്‍ എന്നിവര്‍ക്ക് സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ബിജുവിന്റെ മൊഴി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്നും കമ്മീഷന് ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും ബിജു പറഞ്ഞിരുന്നു.
സോളാര്‍ കമ്മീഷനില്‍ ബിജു നല്കിയ മൊഴിയനുസരിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന ദിവസം ഇന്നലെയായിരുന്നു. ഇതെ തുടര്‍ന്ന് ഇന്നലെ കമ്മീഷനിലെത്തിയപ്പോള്‍ സിഡി തനിക്ക് ഹാജരാക്കാന്‍ കഴിയാഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ ഫെബ്രുവരി 15വരെ തനിക്ക് ഇതിന് സമയം അനുവദിക്കണമെന്നാണ് അപേക്ഷിച്ചിരുന്നത്.
സിറ്റിങ് തുടങ്ങിയപ്പോള്‍ സിഡി കൊണ്ടുവന്നിട്ടിലെന്നറിയിച്ചതോടെ അത് എപ്പോള്‍ കൊണ്ടുവരാനാകുമെന്ന് കമ്മീഷന് ആരാഞ്ഞു. പത്തു മണിക്കൂറിനകം സിഡി ഹാജരാക്കാമെന്ന് ബിജു മറുപടി നല്കി. എറണാകുളത്തുനിന്ന് 6 മണിക്കൂര്‍ യാത്രചെയ്താല്‍ എത്തുന്ന ദൂരത്ത് തെളിവുകള്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. സ്ഥലം എവിടെയാണെന്ന ചോദ്യത്തിന് കേരളത്തിന് പുറത്താണെന്നു മാത്രമായിരുന്നു മറുപടി. തെളിവ് കേരളത്തിന് പുറത്താണുള്ളതെങ്കില്‍ അത് ഹാജരാക്കുന്നതിന് നിയമ തടസങ്ങളെന്തെങ്കിലുമുണ്ടോയെന്ന് കമ്മീഷന് ആരാഞ്ഞു. നിയമവശങ്ങള്‍ പരിശോധിച്ചശേഷം കമ്മീഷന് തെളിവ് കണ്ടെടുക്കാനും ഹാജരാക്കാനുമുള്ള നിര്‍ദ്ദേശം നല്കി. കമ്മീഷന് എന്‍ക്വയറി ആക്റ്റിലെ സെക്ഷന്‍ നാല് പ്രകാരമാണ് ഈ നിര്‍ദ്ദേശം. തെളിവുകള്‍ കണ്ടെടുക്കലും തുടര്‍നടപടികളും രഹസ്യമാക്കിവയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെളിവുകളെക്കുറിച്ച് ബിജുവിന് മാത്രമേ അറിയൂ. അത് നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. തന്റെ സുരക്ഷയില്‍ ബിജുവും ആശങ്ക പ്രകടിപ്പിച്ചുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തെളിവു കണ്ടെടുക്കാനാണ് നിര്‍ദ്ദേശം. തെളിവ് കൊണ്ടുവന്നശേഷമേ ബിജുവിന്റെ അപേക്ഷ പരിഗണിക്കുകയുള്ളൂവെന്നും കമ്മീഷന് അറിയിച്ചു.
അതിനിടെ എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് ബിജു മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു. തന്നെ കള്ളനും ഭ്രാന്തനും മോശക്കാരനുമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചില മാധ്യമങ്ങളും അതിനു കൂട്ടുനില്‍ക്കുന്നു. കമ്മീഷനില്‍ വിവാദമൊഴി വന്നതിനുശേഷം തനിക്ക് കടുത്ത മാനസികസമ്മര്ദ്ദമനുഭവിക്കേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: