തിരുവനന്തപുരം: അഴിമതിവിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഡിജിപി ജേക്കബ് തോമസ്. വികസനം മുകളിലേക്ക് മാത്രം ആയാല്‍ പോരെന്നും താഴേക്കും വശങ്ങളിലേക്കും വേണമെന്നും ജേക്കബ് തോമസ് ഓര്‍മിപ്പിച്ചു.
‘വികസനം പരിസ്ഥിതി സൗഹൃദമാകണം. മുകളിലുള്ളവരെ ക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ ചെന്നൈയിലേത് പോലെ അപകടങ്ങളുണ്ടാകും. നയരൂപീകരണത്തെ നിയന്ത്രിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളാണ്’ അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഴിമതിരഹിത കേരളത്തിന് സുസ്ഥിര നേതൃത്വം ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജേക്കബ് തോമസ്.
അഴിമതിക്കെതിരെ നീങ്ങുന്നവരെ വട്ടന്മാരായി മുദ്രകുത്തുന്ന പ്രവണതയാണ് ഇന്നുള്ളത്. അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയോ സസ്പെന്‍ഡു ചെയ്യുകയോ ചെയ്യും. കുറഞ്ഞത് മൂന്ന് വിജിലന്‍സ് കേസെങ്കിലുമുള്ള ഉദ്യോഗസ്ഥനു മാത്രമേ കേരളത്തില്‍ ഗവ. സെക്രട്ടറി സ്ഥാനത്ത് എത്താന്‍ കഴിയൂ, അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതൃത്വമെന്നത് നല്ല കലയാണെന്നും നേതാക്കള്‍ നല്ല അഭിനേതാക്കളാണെന്നും തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പേരെടുത്ത് പറയാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചു. അഴിമതി അവസാനിപ്പിച്ചാല്‍ മാത്രമേ വികസനം പൂര്‍ണമാകൂ. വികസനം മുകളിലോട്ടും താഴോട്ടും വശങ്ങളിലേക്കും നോക്കിയാകണം നടക്കേണ്ടത്. ജൈവസന്തുലനം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കേരളത്തിലും ചെന്നൈ ദുരന്തം ആവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം ഇതേദിനത്തില്‍ അഴിമതിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടു നിന്ന മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഇക്കൊല്ലം കണ്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ജനാഭിലാഷം അനുസരിച്ചല്ല സര്‍ക്കാരുകള്‍ നയം രൂപീകരിക്കുന്നത്. നയരൂപീകരണത്തില്‍ ആരംഭിച്ച് അവയുടെ നടപ്പാക്കലില്‍ അടക്കം അഴിമതി ഇന്ന് വ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗികസ്ഥാനങ്ങളിലിരിക്കുന്നവര് അധികാരദുര്‍വിനിയോഗം ചെയ്ത് അഴിമതി നടത്തും. തീരുമാനങ്ങളെടുക്കുന്നവര്‍ താഴേത്തട്ടിലുള്ള സാധാരണക്കാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നില്ല. കേരളത്തിലെ അനിയന്ത്രിതമായ ക്വാറി പ്രവര്‍ത്തനം ഇതിനുദാഹരണമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്കേ അഴിമതിയെ ഇല്ലാതാക്കാന്‍ കഴിയൂ. അഴിമതി നടന്ന ശേഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവിടെ നിയമങ്ങളും വകുപ്പുകളുമുണ്ട്. അതുകൊണ്ട് അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ല. മറിച്ച് ജനങ്ങളുടെ ശക്തമായ പ്രതിരോധം ഉണ്ടായാല്‍ മാത്രമേ അഴിമതി തുടച്ചു നീക്കാന്‍ കഴിയൂ. 100 രൂപ സഹായധനം പ്രഖ്യാപിച്ചാല്‍ 90 രൂപയെങ്കിലും താഴേത്തട്ടില്‍ എത്തണ മെന്നും ജേക്കബ് തോമസ് പറഞ്ഞു.
കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ ജെ. പ്രഭാഷ് ആമുഖപ്രഭാഷണം നടത്തി. സെന്തില്‍കുമാര്‍ മാധവന് സ്വാഗതവും എം. ഹരികുമാര്‍ നന്ദിയും പറഞ്ഞു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് ഡിജിപി മറുപടി പറഞ്ഞു. ചടങ്ങിന്റെ അവസാനം ഡിജിപി ജേക്കബ് തോമസ് അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: