ആലപ്പുഴ: നാല്‍പ്പതിലധികം യാത്രക്കാരുടെ ജീവന് തന്റെ മനഃസാന്നിദ്ധ്യത്താല് സംരക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ധീരതയ്ക്കുള്ള പുരസ്കാരം നല്‍കണമെന്ന് ആവശ്യം ഉയരുന്നു. ഡ്രൈവറെ അനുമോദിക്കാന്‍ വകുപ്പുമന്ത്രിക്ക് പോലും സമയമില്ല. യാത്രക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടിയെങ്കിലും ഡ്രൈവര്‍ പുറക്കാട് പുന്തല വാലുചിറയില്‍ മധു (43)വിന്റെ മനഃസാന്നിധ്യമാണ് യാത്രക്കാര്‍ക്ക് രക്ഷയായത്. മധുവിനെ ചില ജനപ്രതിനിധികള്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ഉന്നതരോ, വകുപ്പുമന്ത്രിയോ തിരിഞ്ഞുനോക്കിയില്ല.
സ്വന്തം ജീവന് പോലും അപകടത്തിലാകാന്‍ സാദ്ധ്യത ഉണ്ടായിരുന്നിട്ടും മുഴുവന്‍ യാത്രക്കാരേയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷമാണ് മധു ബസ്സില്‍ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ഓടെ ആലപ്പുഴയില്‍ നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്കാണ് ഓട്ടത്തിനിടെ നഷ്ടമായത്. 2.15ഓടെ പുന്തലയില്‍ യാത്രക്കാരെ ഇറക്കിയശേഷം ബസിനെ മറികടന്ന് ഒരു വാന്‍ കയറി. റോഡിലെ കുഴികണ്ട് ബ്രേക്കിട്ട വാനിന്റെ പിന്നില്‍ ഇടിക്കാതിരിക്കാന്‍ മധു പെഡലില്‍ കാല് ചവിട്ടിയപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ട വിവരമറിയുന്നത്. ഇതേസമയം വാന്‍ കുറച്ച് മുന്നോട്ട് നീങ്ങിയതിനാല്‍ അപകടം സംഭവിച്ചില്ല.
എന്നാല്‍ ബസ് നേരെ മുന്നോട്ടുപോയി തൊട്ടടുത്ത തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ കയറിയാല്‍ അപകട സാദ്ധ്യതയേറെയായിരുന്നു. എതിരെ വാഹനം വന്നാല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ബസ് കായലിലേക്ക് മറിയുമെന്ന് തിരിച്ചറിഞ്ഞ മധു പാലത്തിന് വടക്ക് കിഴക്കുഭാഗത്തുള്ള വാഴക്കൂട്ടത്തിലേക്ക് ബസ് വന്ന അതേ സ്പീഡില്‍ ഓടിച്ചുകയറ്റുകയായിരുന്നു. വാഴക്കൂട്ടത്തിലിടിച്ച് വേഗംകുറഞ്ഞപ്പോള് ബസ് റിവേഴ്സ് ഗിയറിലിട്ടു. ഈ സമയം മുന്‍ വീലുകള്‍ കായലിലെ വെള്ളത്തില്‍ പതിച്ചിരുന്നു.
ഭയന്ന് നിലവിളച്ച യാത്രക്കാരെ സമാധാനിപ്പിച്ച മധു, കണ്ടക്ടര്‍ ഓച്ചിറ സ്വദേശി വിജേഷിനെ വിളിച്ച് യാത്രക്കാരെ മുഴുവന്‍പേരെയും സുരക്ഷിതമായി ഇറക്കാന്‍ നിര്‍ദേശം നല്കി. ഈ സമയമത്രയും മധു ഡ്രൈവര്‍ സീറ്റില്‍ തന്നെയിരുന്നു. ഒടുവില്‍ കണ്ടക്ടറുള്‍പ്പെടെ പുറത്തിറങ്ങിയ ശേഷമാണ് ബസില്‍ നിന്ന് വെളിയിലെത്തിയത്. ഇതിനെ തുടര്‍ന്ന് നാട്ടിലെ സാംസ്കാരിക സംഘടന സമ്മേളനം നടത്തി മധുവിനെ അഭിനന്ദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ടവര്‍ ആരും തന്നെ അഭിനന്ദനങ്ങളുമായയെത്താന് കൂട്ടാക്കിയിട്ടില്ല. ഫോണില്‍ വിളിച്ചുള്ള നല്ല വാക്കുകള്‍ പറയുന്നതില്‍ എല്ലാം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: