മലപ്പുറം: ജില്ലയിലെ 104 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒക്ടോബര്‍ 31, നവംബര്‍ അഞ്ച് തീയതികളില്‍ ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളാണ് പ്രതിജ്ഞ ചെയ്തത്. കാലാവധി പൂര്‍ത്തിയാക്കാത്ത തിരൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 18 തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭാ കൗണ്‍സിലുകളുടെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തെ പ്രതിജ്ഞ ചെയ്യിച്ചത് ബന്ധപ്പെട്ട വരണാധികാരികളാണ്. തുടര്‍ന്ന് ഈ അംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പിന്നീട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ചേര്‍ന്നു. നഗരസഭകളുടെ ചെയര്പെഴ്സന്/വൈസ് ചെയര്പെഴ്സന് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 18 നും ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19 നും നടക്കും.
പരപ്പനങ്ങാടി: നഗരസഭ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് കൗതുകമുണര്‍ത്തി. വേദിയുടെ വലത് ഭാഗത്ത് ലീഗ് കൗണ്‍സിലര്‍മാരും ഇടതുഭാഗത്ത് വികസനമുന്നണി കൗണ്‍സിലര്‍മാരുമാണ് സ്ഥാനം പിടിച്ചത്. ബിജെപിയുടെ നാല് അംഗങ്ങളും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. 45ല്‍ 41 പേരും ഈശ്വരനാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. നാലുപേര്‍മാത്രം ദൃഢപ്രതിജ്ഞ ചെയ്തു. 43-ാം ഡിവഷനിലെ ലീഗ് കൗണ്‍സിലര്‍ എന്‍.പി.ബാവയാണ് മുതിര്‍ന്ന അംഗമെന്ന നിലയില്‍ ആദ്യം പ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തതും അദ്ദേഹമാണ്. വികസന മുന്നണിയിലെ നൗഫല്‍ ഇല്ല്യാനും, ശ്രുതി കൊടപ്പള്ളിക്കും നാക്കുപിഴച്ചതിനാല് രണ്ടുതവണ പ്രതിജ്ഞയെടുക്കേണ്ടി വന്നു. ഇവരുടെ സത്യപ്രതിജ്ഞയില്‍ അവസാന വാചകം പറയുന്നതില്‍ പിഴവ് സംഭവിച്ചതിനാല്‍ സത്യപ്രതിജ്ഞ ആവര്‍ത്തിക്കാന്‍ വരണാധികാരി ആവശ്യപ്പെടുകയായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം പുതിയ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നു. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 18ന് രാവിലെ 11നും വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം രണ്ടിനും നടക്കും.
അങ്ങാടിപ്പുറം: ചരിത്രം ഉറങ്ങുന്ന വള്ളുവനാടിന്റെ തലസ്ഥാന നഗരിയില്‍ ചരിത്രം കുറിച്ച് ബിജെപിക്ക് സീറ്റ് നേടിക്കൊടുത്ത വാഗശേരി ചന്ദ്രമതിയുടെ സത്യപ്രതിജ്ഞ ബിജെപി പ്രവര്‍ത്തകര്‍ ഉത്സവമാക്കി. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി അകൗണ്ട് തുറക്കുന്നത്. അതാകട്ടെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ചുകൊണ്ട്.
രാവിലെ എട്ട് മണി മുതല്‍ പഞ്ചായത്ത് അങ്കണത്തിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. അധികാരമേല്‍ക്കുന്നത് എല്‍ഡിഎഫോ ബിജെപിയോ എന്ന സംശയം പോലും കാഴ്ചക്കാരില്‍ ഉടലെടുത്തു. അത്രക്കുണ്ടായിരുന്നു പ്രവര്‍ത്തകരുടെ ആവേശം. കാരണം ബിജെപി നേടിയ ഈ വിജയത്തിന് പൊന്നിന് തിളക്കമാണ്. ബിജെപിക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളില്‍ കാലങ്ങളിലായി ഇരുമുന്നണികളും വോട്ട് മറിച്ച് ബിജെപി തോല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും വിലപ്പോയില്ല. വര്‍ഗീയ പ്രചരണം ഇളക്കി വിട്ടിട്ടും ജനം അതൊന്നും ഗൗനിച്ചില്ല. കാരണം നിരവധി മുസ്ലിം ക്രിസ്ത്യന്‍ സഹോദരങ്ങളുള്ള വാര്‍ഡില്‍ കൈമെയ് മറന്നാണ് എല്ലാവരും ബിജെപിയെ പിന്തുണച്ചത്. അകമഴിഞ്ഞ പിന്തുണയോട് നീതി പുലര്‍ത്താന്‍ വാഗശ്ശേരി ചന്ദ്രമതി എന്ന ജനകീയ നേതാവ് ചുവട് വച്ചു കഴിഞ്ഞു.
മഞ്ചേരി: നഗരസഭയിലെ പ്രഥമ ബിജെപി കൗണ്‍സിലര്‍ പി.ജി.ഉപേന്ദ്രന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് എത്തിയത്.
തിരൂര്‍: നഗരസഭയിലെ ഏക ബിജെപി കൗണ്‍സിലര്‍ നിര്‍മ്മല കുട്ടികൃഷ്ണന് സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റായ ഇവര്‍ കഴിഞ്ഞ തവണയും കൗണ്‍സിലറായിരുന്നു.
വള്ളിക്കുന്ന്: പഞ്ചായത്തിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന മെമ്പര്‍ ഒടുക്കത്തില്‍ ലക്ഷ്മിക്ക് വരണാധികാരി തിരൂര്‍ സര്‍വ്വെ സൂപ്രണ്ട് ബിജു സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് ലക്ഷ്മിയും സത്യവാചകം ചൊല്ലി കൊടുത്തു. ബിജെപിയുടെ രണ്ട് അംഗങ്ങളും പ്രവര്ത്തകര്ക്കൊപ്പമാമ് സത്യപ്രതിജ്ഞക്കെത്തിയത്.
ചേലേമ്പ്ര: പഞ്ചായത്തിലെ ബിജെപിയുടെ ഏക മെമ്പര്‍ ദാമോദരനും മറ്റുള്ളവര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: