തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ രൂക്ഷവിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. മാണിയുടെ രാജി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചു.
ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാണിയുടെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് ചെയര്മാന് കൂടിയായ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇക്കാര്യം ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ മാണിയുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും മുഖ്യമന്ത്രിയുമായി ടെലിഫോണിലും സംസാരിച്ചു. തുടര്‍ന്നാണ് ഹൈക്കമാന്‍ഡും കെപിസിസിയും മാണിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. 4.30 ഓടെ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തും. മാണി നിലവില്‍ കൊച്ചിയിലാണ്. ഇന്നു വൈകിട്ടു തന്നെ മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നാണ് സൂചന.
പല ഭാഗങ്ങളില്‍ നിന്നും മാണിയുടെ രാജിക്കായി സമ്മര്‍ദ്ദം ഏറുകയാണ്. മുന്നണിക്കുള്ളില്‍ നിന്നും പുറത്തു നിന്നും മാണിക്കെതിരെ രാജി ആവശ്യം ഉയരുകയാണ്. കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും മാണിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.
രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
മാണിയെ ഇനിയും ചുമക്കാനാവില്ലെന്നും കേസില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനമെടുക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്. ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടിവരുമെന്നും സതീശന് പറഞ്ഞു. ടി.എന്‍. പ്രതാപനും മാണിയുടെ രാജി ആവശ്യപ്പെട്ടു. മാണി രാജിവച്ചു മാതൃകകാണിക്കണമെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.
അതേസമയം മാണിക്കെതിരേ കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു പദവിയില്‍ തുടരന് അര്‍ഹതയില്ലെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മാണിയെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
തുടരന്വേഷണം വേണമെന്ന വിധിയില്‍ മാണിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു.
സാഹചര്യം ഗുരുതരമാണെന്നും മാണിയുടെ രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് കൂട്ടായി ആലോചിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: