മലപ്പുറം: പച്ചരാഷ്ട്രീയത്തിന്റെ നിറംമങ്ങിയതോടെ ലീഗ് ക്യാമ്പുകള്‍ ശോകമൂകം, എങ്ങും അടക്കിപറച്ചിലുകളും നെടുവീര്‍പ്പുകളും മാത്രം. വിദ്യാഭ്യാസ മന്ത്രിയുടെ തട്ടകത്തിലേറ്റ തിരിച്ചടി ലീഗിനെ തെല്ലൊന്നുമല്ല ചിന്തിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പാട്ടുംകൂത്തും ആരവവുമായി ആഘോഷിച്ച സ്ഥലങ്ങളില്ലൊന്നും ഇപ്പോള്‍ ആളും അനക്കവുമില്ല. ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരത്തില്‍ ശരിക്കും നക്ഷത്രമെണ്ണുകയാണ് ലീഗ്. ഭരമം നിലനിര്‍ത്തിയില്ലെങ്കില്‍ ഇനിയും കൈപ്പുനീര് കുടിക്കാനാവും ഇവരുടെ വിധി. വോട്ടെണ്ണല്‍ ദിവസം വിപുലമായ ആഘോഷത്തിനുള്ള മുന്നൊരുക്കങ്ങള്‍ ലീഗ് നടത്തിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നും ആഘോഷം തുടങ്ങാനുള്ള തയ്യാറെടുപ്പുകളോടെയാണ് ലീഗുകാരെത്തിയത്. മുന്‍കൂട്ടി ഏല്‍പ്പിച്ച ചെണ്ട, ബാന്റ് സംഘങ്ങള്‍ക്ക് കാശ് കൊടുത്ത് മടക്കിവിടുകയായിരുന്നു. മുന്‍കൂട്ടി വാങ്ങിവെച്ച പച്ചപലഹാരങ്ങള് പൊതിഞ്ഞുകെട്ടി ബന്ധുവീടുകളിലെത്തിച്ചു. എല്ലാവരും വിജയിക്കാന്‍ ഇത് എസ്എസ്എല്‍സി പരീക്ഷയൊന്നും അല്ലല്ലോയെന്ന എതിര്‍കക്ഷികളുടെ കളിയാക്കലിന് മുന്നില്‍ തലതാഴ്ത്തുകയല്ലാതെ രക്ഷയില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: