തിരുവനന്തപുരം:കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തേയും ത്രിതല പഞ്ചായത്തിലെ തിളക്കമാര്‍ന്ന ജയത്തേയും മറച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയുടെ എതിരാളികള്‍. എന്നാല്‍ ചരിത്രവിജയത്തിനൊപ്പം പ്രത്യേക മാനങ്ങള്‍ നല്കുന്ന ചില ജയങ്ങളും ബിജെപി നേടി. പെരുന്ന, പാല, പുന്നപ്ര, പൊന്നാനി എന്നിവിടങ്ങളിലെ കന്നിജയങ്ങള് അത്തരത്തിലുള്ളവയാണ്.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ സ്വന്തം പഞ്ചായത്തായ പുന്നപ്രയിലും ഇത്തവണ താമര വിരിഞ്ഞു. ഒരു സ്ഥലത്ത് വിജയം നേടിയപ്പോള്‍ അച്യുതാനന്ദന് വോട്ടിട്ട വാര്‍ഡ് ഉള്‍പ്പെടെ എട്ട് സ്ഥലത്ത് രണ്ടാം സ്ഥാനത്തും എത്തി. ഹൈസ്കൂള്‍ വാര്‍ഡിലാണ് ബിജെപി ജയിച്ചത്. ബിജെപി ഒന്നുമല്ലെന്ന് നാടുനീളെ അച്യുതാനന്ദന് പ്രസംഗിച്ച് നടക്കുമ്പോഴാണ് സ്വന്തം നാട്ടിലെ തിരിച്ചടി.
വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങര വാര്‍ഡ് ഉള്‍പ്പെടുന്ന മാരാരിക്കുളം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലാണ് ബിജെപി ജയിച്ചുകയറിയത്. കമ്മ്യൂണിസ്റ്റ് കേന്ദ്രമായ മാരാരിക്കുളത്ത് താമര വിരിയുന്നത് ആദ്യം. വെള്ളാപ്പള്ളി വോട്ടുചെയ്ത കണിച്ചുകുളങ്ങര വാര്‍ഡില്‍ ബിജെപി മൂന്നാം സ്ഥാനത്ത് എന്നതായിരുന്നു പ്രചാരണം. ഈ വാര്‍ഡില്‍ ബിജെപിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല എന്നത് മറച്ചുവച്ചാണ് ഈ നുണപ്രചാരണം.
എസ്എന്‍ഡിപി ബന്ധം മൂലം നായര്‍ വോട്ടുകള്‍ ബിജെപിക്ക് കിട്ടില്ല എന്ന പ്രചാരണത്തിന്റെ മുന ഒടിക്കുന്നതാണ് ചങ്ങനാശേരിയിലെ ജയം. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ രണ്ട് വാര്‍ഡ് ഉള്‍പ്പെടെ നാല് സ്ഥലത്ത് ബിജെപിയാണ് ജയിച്ചത്. ആറ് വാര്‍ഡുകളില്‍ രണ്ടാമതും എത്തി. കെ.എം മാണിയുടെ തട്ടകമായ പാലായിലെ ബിജെപി മുന്നറ്റമാണ് മറ്റൊരു ശ്രദ്ധേയം. ചരിത്രത്തിലാദ്യമായി ഇവിടെ നഗരസഭയില്‍ ബിജെപിക്ക് പ്രാതിനിധ്യം ലഭിച്ചു. മുരിക്കുംപുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൂന്നാമതാക്കിയാണ് ബിജെപി നേട്ടം കൊയ്തത്.
ഇവിടെ അഞ്ചു സീറ്റില്‍ മത്സരിച്ച ബിജെപിക്ക് ജയത്തിനുപുറമെ രണ്ടിടത്ത് രണ്ടാമതാകാനും കഴിഞ്ഞു. മാണി വോട്ടുചെയ്ത അരുണാപുരം വാര്‍ഡില്‍ നാലു വോട്ടിന് കേരള കോണ്‍ഗ്രസ് പ്രതിനിധി കഷ്ടിച്ച ജയിക്കുകയായിരുന്നു.ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.ബാബുവിന്റെ തട്ടകമായ തൃപ്പൂണിത്തുറയിലും ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്. തൃപ്പൂണിത്തുറ നഗരസഭയില്‍ 13 സീറ്റുകളില്‍ ബിജെപി മുഖ്യ പ്രതിപക്ഷ സ്ഥാനത്തെത്തി.
ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് വോട്ടുണ്ടായിരുന്ന അയ്മനം പഞ്ചായത്തില്‍ ബിജെപി മുഖ്യപ്രതിപക്ഷമാകും.സ്വതന്ത്രന് ഉള്‍പ്പെടെ ആറ് വാര്‍ഡുകളില്‍ താമര ജയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ ശ്രമിച്ചാല്‍ ബിജെപിക്ക് ഭരണത്തിലും കയറാം. യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ തട്ടകത്തിലും ഇത്തവണ താമര വിരിഞ്ഞു. തങ്കച്ചന് അദ്ധ്യക്ഷനായിരുന്ന പെരുമ്പാവൂര്‍ നഗരസഭയില്‍ മൂന്ന് വാര്‍ഡുകളില്‍ ബിജെപിക്ക് ജയിക്കാനായി.
ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തില്‍ അഞ്ച് സീറ്റ് നേടിയ ബിജെപിയാണ് മുഖ്യപ്രതിപക്ഷം. മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും ബിജെപി സീറ്റ് നേടി മുന്നേറി. പുതുപ്പള്ളി പഞ്ചായത്തില്‍ താമര വിരിഞ്ഞില്ല. എങ്കിലും ഒരു വാര്‍ഡില്‍ ഒരു വോട്ടിനും മറ്റൊരു വാര്‍ഡില്‍ 11 വോട്ടിനുമാണ് ബിജെപി രണ്ടാംസ്ഥാനക്കാരായത്. രണ്ടിടത്തും കോണ്‍ഗ്രസ്സിന് മൂന്നാം സ്ഥാനവും.
ആദര്‍ശ മുഖംമൂടിയണിഞ്ഞ് ബിജെപിക്കെതിരെ വ്യാജപ്രചാരണത്തിന് മുന്‍പന്തിയില്‍ നില്ക്കുന്ന യുവ കോണ്‍ഗ്രസ് എംഎല്‍എമാരായ വി.കെ.ബലറാം, പി.സി.വിഷ്ണുനാഥ് എന്നിവരുടെ വാര്‍ഡുകളിലും താമരയാണ് വിരിഞ്ഞത്. എ.കെ.ആന്റണിയുടെ വോട്ടും പാഴായതില്പ്പെടും. ആന്റണി വോട്ടുചെയ്ത ജഗതി വാര്‍ഡില്‍ ബിജെപിക്കാണ് ജയം. അത് പുതുമയല്ലെന്ന് ആശ്വസിക്കാം. തുടര്‍ച്ചയായി മൂന്നു തവണ ജഗതി വാര്‍ഡില്‍ വിരിയുന്നത് താമരയാണ്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവാ വോട്ടിട്ട പട്ടത്തും ഇത്തവണ താമര ജയിച്ചു.
അനശ്വര പ്രേമത്തിന്റെ കഥ പറയുന്ന മൊയ്തീന്റെ നാടായ മുക്കത്തും വിരിഞ്ഞത് താമരയാണ്. മാറാട് നഗരസഭാവാര്ഡും ആറന്മുളയില് മൂന്നു വാര്‍ഡുകളും സമ്മാനിച്ച് ബിജെപി നടത്തിയ സമരങ്ങള്‍ക്ക് ജനം പിന്തുണയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: