ആലപ്പുഴ: ജില്ലയില്‍ ബിജെപി – എസ്എന്‍ഡിപി സഖ്യം വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഭയന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗവും യുഡിഎഫിലെ ചില സഖ്യകക്ഷികളും ഒത്തുകളിച്ചതാണ് ഇടതുപക്ഷത്തിന് മേല്‍ക്കൈ ലഭിക്കാന്‍ ഇടയാക്കിയതെന്ന് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. ഇടതുപക്ഷം വിജയിച്ച ബഹുഭൂരിപക്ഷം വാര്‍ഡുകളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡുകളിലും യുഡിഎഫിന്റെ വോട്ടുനില ഒത്തുകളി വ്യക്തമാക്കുന്നതാണ്.
ബിജെപി എസ്എന്‍ഡിപി സഖ്യം രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡുകളിലെല്ലാം തന്നെ മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ വളരെ കുറവായിരുന്നു. ബിജെപി ഭരിക്കുമെന്ന് വ്യക്തമായ പ്രചരണമുണ്ടായിരുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലടക്കം സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് വിരലിലെണ്ണാവുന്ന വോട്ടുകള്‍ പോലും പല വാര്‍ഡുകളിലും ലഭിച്ചില്ല. അച്യുതാനന്ദന്റെ സ്വന്തം നാടായ പുന്നപ്രയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയ്ക്ക് അവസരമൊരുക്കിയതും കോണ്‍ഗ്രസിലെ ഒരുവിഭാഗം സിപിഎമ്മുമായി നടത്തിയ അവിശുദ്ധ സഖ്യമാണ്.
ഇവിടെ എട്ടു വാര്‍ഡുകളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. ഈ വാര്‍ഡുകളിലെല്ലാം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ തീരെ കുറവായിരുന്നു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടും എസ്എന്‍ഡിപിയോടും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പരസ്യമായി ഏറ്റുമുട്ടുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് സിപിഎമ്മുമായി രഹസ്യ നീക്കുപോക്കു നടത്തിയത്. ഈ വിഭാഗത്തിലെ നേതാക്കള്‍ നേരത്തെ തന്നെ വെള്ളാപ്പള്ളിയെ പൊതുവേദിയില്‍ അധിക്ഷേപിക്കുകയും സ്വന്തം ഗ്രൂപ്പുകാരെക്കൊണ്ട് വെള്ളാപ്പള്ളിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. എസ്എന്‍ഡിപിക്കെതിരെ മതവികാരം ഇളക്കിവിട്ടുപോലും കോണ്‍ഗ്രസിലെ ചില ജില്ലാ നേതാക്കള്‍ സിപിഎമ്മിനെ സഹായിച്ചു.
എസ്എന്‍ഡിപി ബിജെപി സഖ്യം ഭാവിയില്‍ കൂടുതല്‍ ദോഷം ചെയ്യുക സിപിഎമ്മിനേക്കാള്‍ യുഡിഎഫിനെയായിരിക്കുമെന്ന ഇവരുടെ ഭയമാണ് അവിശുദ്ധ നീക്കത്തിലേക്ക് നയിച്ചത്. എസ്എന്‍ഡിപി വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസിലെ ഐ വിഭാഗത്തിലെ ചില നേതാക്കള്‍ നടത്തിയ ഗൂഢനീക്കങ്ങള്‍ തുറന്നുകാണിച്ച് വരുംദിവസങ്ങളില്‍ എ വിഭാഗം അടക്കമുള്ളവര്‍ വ്യക്തമായ കണക്കുകള്‍ സഹിതം രംഗത്തുവരുമെന്നാണ് സൂചന. യുഡിഎഫിലെ ഒരു ഘടകകക്ഷിയും സിപിഎമ്മിനെ നിര്‍ലോഭം സഹായിച്ചു. ഇതിനുപകരമായി ആലപ്പുഴ നഗരസഭയിലടക്കം സിപിഐയെ കാലുവാരി സിപിഎം യുഡിഎഫ് ഘടകകക്ഷിയെ സഹായിക്കുകയും ചെയ്തു.
കൂടാതെ ആലപ്പുഴ ജില്ലയില്‍ എസ്ഡിപിഐ, പിഡിപി തുടങ്ങിയ മുസ്ലീം വര്‍ഗ്ഗീയ സംഘടനകള്‍ക്ക് അപ്രതീക്ഷിതമായി ഏതാനും സീറ്റുകള്‍ ലഭിച്ചതും ഇടതുപക്ഷത്തിന്റെ സഹായത്തോടെയാണ്. ഈ സംഘടനകള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ സിപിഎം സഹായിക്കുകയും മറ്റു പ്രദേശങ്ങളില്‍ അവര്‍ തിരിച്ചു പിന്തുണയ്ക്കുകയുമാണ് ഉണ്ടായത്. എസ്എന്‍ഡിപി ബിജെപി സഖ്യത്തെ എങ്ങിനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കം ഒടുവില്‍ യുഡിഎഫിന് തിരിച്ചടിയാവുകയും എല്‍ഡിഎഫിന് ഗുണകരമാവുകയും ചെയ്തു. മുന്‍വര്‍ഷത്തേതിനേക്കാള്‍ മൂന്നിരട്ടിയിലേറെ സീറ്റുകള്‍ നേടി ബിജെപി സഖ്യം കരുത്തുകാട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: