കോട്ടയം: ജില്ലയിലെ ഇരുപതോളം പഞ്ചായത്തുകളിലും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലും ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമായി. അയ്മനം, ചിറക്കടവ്, എലിക്കുളം, പനച്ചിക്കാട്, രാമപുരം, ടി.വി.പുരം, തൃക്കൊടിത്താനം, ഉഴവൂര്‍, വാകത്താനം, വാഴൂര്‍, വെള്ളാവൂര്‍, കങ്ങഴ, കുറിച്ചി, പായിപ്പാട്, പള്ളിക്കത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തത്.
ഇവിടങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തടര്‍ന്നുള്ള ഭരണനിര്‍വ്വഹണത്തിലും ബിജെപിയെയോ, റിബലുകളടക്കമുള്ള സ്വതന്ത്രരെയോ ആശ്രയിക്കേണ്ടിവരും. ചിറക്കടവ് പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ ബിജെപി 6, എല്‍ഡിഎഫ് 9, യുഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ സ്വതന്ത്രരും വിജയിച്ചില്ല.
ഈ നിലയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ രണ്ട് അംഗങ്ങളുടെ പിന്തുണകൂടി വേണം. 5 അംഗങ്ങള്‍ മാത്രമുള്ള യുഡിഎഫ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുക എന്ന നിലപാട് സ്വീകരിക്കുകയെന്ന തന്ത്രം സ്വീകരിക്കുന്നതിനെക്കുറിച്ച് രണ്ട് മുന്നണികളിലേക്കും പ്രമുഖ നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ചിറക്കടവില്‍ ഇടതുമുന്നണിയെ സഹായിക്കാന്‍ യുഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നാല്‍ ഇതേ അവസ്ഥ തന്നെയുള്ള പള്ളിക്കത്തോട്ടില്‍ യുഡിഎഫിനെ സഹായിക്കാന്‍ എല്‍ഡിഎഫ് യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും.
ബിജെപി 5, യുഡിഎഫ് 6, എല്‍ഡിഎഫ് 2 എന്നതാണ് പള്ളിക്കത്തോട്ടിലെ കക്ഷിനില. 13 വാര്‍ഡുകളുള്ള ഇവിടെ കേവല ഭൂരിപക്ഷത്തിന് 7 പേരുടെ പിന്തുണവേണം. ഈ രണ്ട് പഞ്ചായത്തുകളിലൊഴികെ ബാക്കിസ്ഥലങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് മുന്നണിനേതാക്കളുടെ കണക്കുകൂട്ടല്‍. മധ്യസ്ഥന്മാര് മുഖേന വാഗ്ദാനങ്ങളുമായി സ്വതന്ത്ര അംഗങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.
വാഴൂര്‍ ബ്ലോക്കില്‍ യുഡിഎഫിന്റെ പരമ്പരാഗത ഡിവിഷനായ ചെറുവള്ളിയില്‍ ബിജെപി അട്ടിമറി വിജയം നേടിയതോടെ ഭരണം നിയന്ത്രിക്കുന്ന ശക്തിയായി മാറി. ചെറുവള്ളി ഡിവിഷനില്‍ നിന്നും വിജയിച്ച ജയടീച്ചറാണ് ബിജെപി അംഗം. ആദ്യമായാണ് ബിജെപി വാഴൂര്‍ ബ്ലോക്കില്‍ വിജയം നേടുന്നത്.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആറു വീതം സീറ്റ് നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തുകയും ഒരു ഡിവിഷനില്‍ ബിജെപി ജയിക്കുകയും ചെയ്തതോടെ പ്രസിഡന്റിനെ നിശ്ചയിക്കുന്നത് ബിജെപിയാകും. ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്. ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമില്ല. മുമ്പെല്ലാം ഇടതുമുന്നണി ഭരണത്തിലുണ്ടായിരുന്ന ബ്ലോക്കില്‍ കഴിഞ്ഞ തവണ യുഡിഎഫ് അധികാരം പിടിച്ചിരുന്നു. ഇപ്പോള്‍ 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് ആറ്, യുഡിഎഫ് ആറ് ബിജെപി ഒന്ന് എന്നിങ്ങനെയാണു കക്ഷിനില.
ഇവിടെ ബിജെപിയുടെ പന്തുണയില്ലാതെ ഭരണം കൊണ്ടുപോകുന്നതിനുള്ള ഗൂഡനീക്കത്തിലാണ്. ഇക്കുറി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്നും യുഡിഎഫിലെ രണ്ട് അംഗങ്ങളെ മാറ്റിനിര്‍ത്തി ഭരണം നേടാന്‍ കഴിയുമോ എന്നാണ് ഇടത് നേതാക്കള്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: