തിരുവനന്തപുരം: കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി കുടുംബങ്ങള്‍ മാലിന്യം ഭക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ആദിവാസി ക്ഷേമത്തിനുവേണ്ടി വകയിരുത്തിയ ഫണ്ടുകളുടെ വിനിയോഗത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പട്ടികവര്‍ഗ്ഗ ഡയറക്ടറെ ഉപരോധിച്ചു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, വൈസ്പ്രസിഡന്റ് അഡ്വ.ആര്.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഡയറക്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഡയറക്ടര്‍ ഗവണ്മെന്റ് സെക്രട്ടറിയുമായും വകുപ്പ് മന്ത്രിയുമായും ബന്ധപ്പെടുകയും യുവമോര്‍ച്ചയുടെ ആവശ്യം അംഗീകരിച്ച് ഫണ്ട് വിനിയോഗം സംബന്ധിച്ച അന്വേഷണം നടത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങളോട് കൊടുംവഞ്ചനയാണ് കാട്ടുന്നത്. ആദിവാസി ക്ഷേമത്തിനായുള്ള ഫണ്ടുകള്‍ വകമാറ്റുന്നതും കൊള്ളയടിക്കുന്നതും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാന സമിതിയംഗം എസ്.നിശാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്.ചന്ദ്രകിരണ്‍, അനുരാജ്, ജില്ലാ ഭാരവാഹികളായ അഡ്വ.രഞ്ജിത്ത് ചന്ദ്രന്, പൂങ്കുളം സതീഷ്, കരമന പ്രവീണ്‍, ബി.ജി.വിഷ്ണു, എം.എ.ഉണ്ണിക്കണ്ണന് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി. വകുപ്പ് മന്ത്രിയും ഡയറക്ടറും ഉറപ്പ് പാലിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍ പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: