കാസര്‍കോട്: സംസ്ഥാനത്ത് ആദ്യമായി ആയിരം പേര് പൊതു ചടങ്ങില്‍ വെച്ച് ബുദ്ധമതം സ്വീകരിക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു മതപരിവര്‍ത്തനം നടക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 4475 ബുദ്ധമത വിശ്വാസികളുണ്ടെന്നാണ് കണക്ക്.
പ്രബുദ്ധ ഭാരത് സംഘത്തിന്റെ നേതൃത്വത്തില്‍ 22ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിനു സമീപത്താണ് ബുദ്ധ മതത്തിലേക്ക് വരുന്നവര്‍ക്കായി മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ ദക്ഷിണ കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിന്നുമായി ആയിരത്തിലധികം വിവിധ മതത്തിലുള്ളവര്‍ ബുദ്ധ മതം സ്വീകരിക്കും.
ഹൈന്ദവ, കൃസ്ത്യന്‍, മുസ്ലിം മത വിഭാഗത്തില്‍ നിന്നുള്ളവര്‍ ബുദ്ധമതം സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ധര്‍മ്മ ചക്ര പ്രവര്ത്തന് 2015 ധര്‍മ്മ ദീക്ഷ സെറിമണി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വൈകാതെ തന്നെ അംബേദ്ക്കറുടെ ആദര്‍ശങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കേരള കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബാലകൃഷ്ണന് പറഞ്ഞു. ധര്‍മ്മ ദീക്ഷ എറണാകുളത്തും നടത്തും.
ഞങ്ങള്‍ ആരെയും നിര്‍ബന്ധപൂര്‍വ്വം മത പരിവര്‍ത്തനം നടത്തുന്നില്ലെന്നും, ബുദ്ധമതത്തിന്റെ നല്ല വശങ്ങള് മനസിലാക്കി ആളുകള്‍ ഇങ്ങോട്ട് വരികയാണെന്നൂം അദ്ദേഹം പറഞ്ഞു. ബുദ്ധമത അനുയായികളായി മാറുന്നവര്‍ക്ക് ആരാധന നടത്താന്‍ ജില്ലയില്‍ ബുദ്ധ വിഹാരങ്ങള്‍ പണി കഴിപ്പിക്കും. നാഗ്പൂര്‍ ആസ്ഥാനമായുള്ള സംഘം കേരളത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബുദ്ധമത വിശ്വാസികളായി മാറുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങുകയും അതിന് ശേഷം അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. 22 പ്രതിജ്ഞകള്‍ ബുദ്ധമതം സ്വീകരിക്കുന്നവരെ കൊണ്ട് ചെയ്യിക്കുന്നുണ്ട്. ദേശീയ ഓര്‍ഗനൈസറായ ധിമാന് വിജയ്മന്കര് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: