കൊച്ചി: കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച കൊച്ചി കോര്പ്പറേഷന് ഡപ്യൂട്ടി മേയറായിരുന്ന ബി. ഭദ്രയുടെ പരാമര്‍ശത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ വിഴുപ്പലക്കല്‍. ഭദ്രയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയും ജിസിഡിഎ ചെയര്‍മാനുമായ എന്‍ വേണുഗോപാല്‍ രംഗത്തെത്തി. മേയറായിരുന്ന ടോണി ചമ്മിണി, ഡിസിസി പ്രസിഡണ്ട് വി.ജെ. പൗലോസ് എന്നിവരും ഭദ്രയുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായെത്തി. അതിനിടെ ഭദ്രയെ പിന്തുണച്ചും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തും സിപിഎമ്മും രംഗത്ത് വന്നു.
അധികാരത്തിലിരുന്ന് ആനുകൂല്യങ്ങളെല്ലാം പറ്റിയ ശേഷമാണ് ഭദ്രയുടെ വിമര്‍ശനമെന്നും വ്യക്തിത്വമുണ്ടായിരുന്നെങ്കില്‍ നേരത്തെ രാജിവച്ച് പുറത്തുപോവുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. അധികാരസ്ഥാനത്തേക്ക് ഭദ്ര പുതിയ താവളങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പ്രസ്താവന. മത്സരിക്കാന്‍ ഭദ്ര സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. ക്ഷണിച്ച് കൊണ്ടുവന്ന് നിര്‍ത്തി ജയിപ്പിക്കേണ്ട പ്രാധാന്യം ഭദ്രക്കില്ലെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭദ്രയുടേത് നിന്ദയെന്നായിരുന്നു ഡിസിസി പ്രസിഡണ്ടിന്റെ പ്രതികരണം.
ഭദ്രയുടെ ആരോപണങ്ങള്‍ കോര്‍പ്പറേഷനിലെ അഴിമതി വ്യക്തമാക്കുന്നതെന്ന് ആദ്യം പ്രതികരിച്ചിരുന്ന സിപിഎം ഇന്നലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ ഭദ്രയ്ക്ക് പ്രത്യക്ഷ പിന്തുണയുമായെത്തി. ഭദ്രയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. രാജീവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്നും കോണ്‍ഗ്രസ്സില്‍ തന്നെ തുടരുമെന്നും ഭദ്ര പ്രതികരിച്ചു.
ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതിനാലാണ് തനിക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതെന്നായിരുന്നു ഭദ്രയുടെ ആരോപണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പല ദുരനുഭവങ്ങളും നേരിടേണ്ടി വന്നു. കൊച്ചിയില്‍ മഹാകവി ജി. ശങ്കരക്കുറുപ്പിന് സ്മാരകം പണിയാനുള്ള നീക്കങ്ങള്‍ റവന്യൂ മന്ത്രി ഇടപെട്ട് അട്ടിമറിച്ചതായും ഭദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജി. ശങ്കരക്കുറുപ്പിന്റെ പേരമകള്‍ കൂടിയാണ് ഭദ്ര.
കോര്പ്പറേഷന് മേയര്‍ സ്ഥാനം വനിതാ സംവരണമായതിനാല്‍ ഭദ്രയ്ക്ക് ഏറെ സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ അവകാശവാദവുമായെത്തിയ മുതിര്‍ന്ന നേതാക്കളായ ലാലി വിന്‍സെന്റും പത്മജയും പിന്മാറിയിട്ടും ഭദ്രയ്ക്ക് സീറ്റ് നല്‍കിയില്ല. ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വെച്ചപ്പോഴുണ്ടായ അമര്‍ഷമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: