കോഴിക്കോട്: ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ, അസംഘടിത മേഖലയിലെ വനിത സ്വയംതൊഴില്‍ സംരംഭകര്‍ക്കുള്ള പുരസ്കാരത്തിന് കോഴിക്കോട് ചാലപ്പുറം സ്വദേശി വി. വീണയെ തെരഞ്ഞെടുത്തു. ഏഴിന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാനും ജന്മഭൂമി മാനേജിംഗ് എഡിറ്ററുമായ പി. ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യകാരി പി. വത്സല ഉദ്ഘാടനം ചെയ്യുന്ന പുരസ്കാര വിതരണ സമ്മേളനത്തില്‍ മുന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഇന്ദിര കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
മുക്കം എംഎഎംഒ കോളജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന പ്രൊഫ. ലാലി സേവ്യറിന്റെ സ്മരണക്കായി സുഹൃത്തുക്കളും ശിഷ്യരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ട്രസ്റ്റ് രൂപീകരിച്ചത്. ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മൂന്നാമത് പുരസ്കാരമാണിത്. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രൊഫ. പി.ഐ. ജോണ്‍, ട്രസ്റ്റ് അംഗം ഡോ. സി. ശ്രീകുമാരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: