തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതു നേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ടു.
മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വിജിലന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടി മാണിക്കെതിരെ നടപടിയെടുക്കണമെന്ന് ഇടതുനേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നീങ്ങുന്ന ഡിജിപി ജേക്കബ് തോമസിന് പൂര്‍ണപിന്തുണ നല്‍കും. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന് വിചാരിച്ചാല്‍ വിലപ്പോകില്ല. ജേക്കബ് തോമസ് ഒരുവിധത്തിലും ചട്ടം ലംഘിച്ചിട്ടില്ല. ദുര്‍ഭരണത്തിനെതിരെ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതില്‍ തെറ്റില്ല. ഇത് വിജയശങ്കര്‍ പാണ്ഡെ വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ജേക്കബ് തോമസിനെതിരെ വാളോങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഈ വിധി വായിച്ചു പഠിക്കണമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: