തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസും സര്‍ക്കാരും തുറന്ന പോരിലേക്ക്. അച്ചടക്കലംഘനം നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്കിയ നോട്ടീസിന് മറുചോദ്യവുമായാണ് ജേക്കബ് തോമസ് രംഗത്തെത്തിയിരിക്കുന്നത്.
ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കണം, തെളിവുണ്ടെങ്കില്‍ വിശദീകരിക്കണം എന്നീ ചോദ്യങ്ങളുന്നയിച്ചാണ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയുടെ നോട്ടീസിന് മറുപടി നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നോട്ടീസിന് ഉപോദ്ബലകമായ തെളിവുകള്‍ പരസ്യപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് മറുപടിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് ചീഫ്സെക്രട്ടറി ജേക്കബ് തോമസിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വന്ന വിജിലന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവിനെ പരസ്യമായി സ്വാഗതം ചെയ്തും അനുകൂലിച്ചും ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് ചീഫ് സെക്രട്ടറി നല്‍കിയത്. നേരത്തെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ നടത്തിയ പ്രസ്താവനസംബന്ധിച്ചും ജേക്കബ് തോമസിന് സര്‍ക്കാര്‍ കാരണം കാരണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുചോദ്യം ഉന്നയിച്ച് നോട്ടീസിന് മറുപടി നല്‍കിയതോടെ ഭയപ്പെടുന്നില്ലെന്നും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നുമുള്ള വ്യക്തമായ സൂചനയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ജേക്കബ് തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും തന്റെ നിലപാട് മാറ്റാന്‍ ജേക്കബ് തോമസ് തയ്യാറായിട്ടില്ലെന്നത് സര്‍ക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്.
ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന തന്നെ കാരണം കൂടാതെ മാറ്റിയതിലും അദ്ദേഹം മുമ്പ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ നിരവധി പരാതികള്‍ ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ആ വിശദീകരണത്തിന് അല്‍പ്പായുസ്സായിരുന്നു. വിവരാവകാശ പ്രകാരം ജേക്കബ് തോമസിനെതിരെ ആരും രേഖാമൂലം പരാതിപ്പെട്ടിരുന്നില്ലെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ വാദത്തിന്റെ മുനയൊടിഞ്ഞു.
താന്‍ വഹിക്കുന്ന പദവിയുടെ അന്തസ്സ് ഇടുച്ചുതാഴ്ത്തുന്ന വിധമാണ് സര്‍ക്കാര്‍ തനിക്കെതിരെ കൈക്കൊള്ളുന്ന നടപടിയെന്ന നിലപാടാണ് ജേക്കബ് തോമസിന്റെത്. എന്തു സംഭവിച്ചാലും താന്‍ രാഷ്ട്രീയക്കാരുടെ പുറകെ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താന്‍ ഒരിക്കലും അച്ചടക്കം ലംഘിച്ചിട്ടില്ല. പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അച്ചടക്കത്തിന്റെ വാള് കാട്ടി തന്നോട് മാത്രം വിശദീകരണം ആവശ്യപ്പെട്ടതില്‍ അനൗചിത്യമുണ്ടെന്നുമാണ് പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡിയായ ജേക്കബ് തോമസ് വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: