തിരുവനന്തപുരം: നാസി ജര്‍മ്മനിയുടെ പ്രചരണ മന്ത്രിയായിരുന്നു പോള്‍ ജോസഫ് ഗീബല്‍സ്. ഒക്ടോബറിലാണ് ഗീബല്‍സിന്റെ ജനനം. പുനരവതാരം കേരളത്തിലാണോ എന്ന സംശയം ജനിപ്പിക്കുകയാണ്. ഹിറ്റ്ലറുടെ ഏറ്റവും അടുത്ത അനുയായിയും സഹപ്രവര്‍ത്തകനുമായ ഗീബല്‍സ് നുണപ്രചാരണത്തിന്റെ അപ്പോസ്തലനാണ്.
സെമിറ്റിക് വിരുദ്ധതയ്ക്കും പ്രസംഗപാടവത്തിനും ഗീബല്‍സിനെ മറികടക്കാന്‍ അന്നാരുമുണ്ടായിരുന്നില്ല. പ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ അക്രമോത്സുകമാര്ഗ്ഗത്തിലേക്ക് ജനതയെ കൊണ്ടുപോകാനുള്ള അപാര കഴിവ് ഗീബല്സിനുണ്ടായിരുന്നു. ഒരു നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ അതാണ് സത്യം എന്ന് ജനം വിശ്വസിക്കുമെന്ന സിദ്ധാന്തക്കാരനായിരുന്നു ഗീബല്‍സ്. ആ ഗീബല്‍സ് മാധ്യമങ്ങളുടെ രൂപത്തിലാണോ ഇക്കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തില്‍ പുനരവതരിപ്പിച്ചത് എന്നാരും സംശയിച്ചുപോകും. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണകളാണ് ഒരുമാസമായി വിളമ്പിക്കൊണ്ടിരിക്കുന്നത്.
സംവരണം ഇല്ലാതാക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നു. പിന്നാക്കക്കാരെ ജീവനോടെ ചുട്ടുകൊല്ലുന്നു. ബീഫ് കഴിക്കുന്നവരെ പോലും കശാപ്പ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന പ്രചാരണം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇവയ്ക്കൊന്നും സത്യവുമായി ഒരു ബന്ധവുമില്ലെന്നുള്ള വസ്തുതകള്‍ ഓരോന്നും പുറത്തു വരുന്നത് ഇവര്‍ കാണുന്നില്ല കേള്‍ക്കുന്നില്ല. ഏറ്റവും ഒടുവിലത്തേതാണ് യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. ബിജെപി തകര്‍ന്നടിഞ്ഞു എന്നത് കലര്‍പ്പില്ലാത്ത കളവാണ്.
നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ 48 മണ്ഡലങ്ങളില്‍ 40 ലും ബിജെപി തോറ്റു എന്നാണ് ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ചാനല്‍ ചര്‍ച്ചകളിലും ഇത് കടന്നുവന്നു. സത്യത്തിന്റെ തരിമ്പുപോലും ഇതിലില്ല.
കേരളത്തിലെ തെരഞ്ഞെടുപ്പിലേതു പോലെ തദ്ദേശ തെരഞ്ഞെടുപ്പു യുപിയില്‍ രാഷ്ട്രീയാടിസ്ഥാനത്തിലല്ല. പാര്‍ട്ടി ചിഹ്നത്തിലല്ല മത്സരം നടന്നത്. നരേന്ദ്രമോദിയോ അമിത്ഷായോ അറിയപ്പെടുന്ന ബിജെപി നേതാക്കളോ മന്ത്രിമാരോ അവിടെ പ്രചാരണത്തിന് ചെന്നിട്ടില്ല. പിന്നെങ്ങിനെയാണ് ബിജെപി തറപറ്റിയെന്നു പറയുന്നത്? ഗുജറാത്തടക്കമുള്ള സംസ്ഥാനങ്ങളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ല എന്നിട്ടും നട്ടാല്‍ മുളയ്ക്കാത്ത നുണ പ്രചാരണം നടത്തി വലിയ കെടുതികള്‍ ബിജെപിക്ക് വരുത്താനാണ് നോക്കുന്നത്. ഇതൊന്നും വിലപ്പോവില്ല.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴും ഇതുതന്നെയായിരുന്നില്ലോ നടത്തിയിരുന്നത്. നരേന്ദ്രമോദി നരഭോജി, ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ വംശനാശമുണ്ടാക്കാന് ശ്രമിച്ചു. അത് രാജ്യമാകെ നടപ്പാക്കാനാണ് പുറപ്പാടെന്നൊക്കെ പ്രചരിപ്പിച്ചു. പക്ഷെ ബിജെപി പോലും പ്രതീക്ഷിക്കാത്ത വിജയം ജനങ്ങള്‍ ബിജെപിക്ക് നല്കി. അതുതന്നെയാണ് ഇപ്പോഴും സംഭവിക്കാന്‍ പോകുന്നത്. നുണ പ്രചാരകര്‍ ഗീബല്‍സിന്റെ അന്ത്യം ഓര്‍ക്കുന്നത് നന്നായിരിക്കും. ഹിറ്റ്ലറുടെ ആത്മഹത്യയ്ക്ക് ശേഷം അഞ്ചു മക്കളെയും കൊന്ന് ഗീബല്‍സും ഭാര്യ മഗദയും ആത്മഹത്യ ചെയ്യുകയായിരുന്നല്ലോ.
ബോളിവുഡ് നടന് ഷാരുഖ് ഖാന്റെ 50-ാം ജന്മദിനമായിരുന്നു ഇന്നലെ. അതോടനുബന്ധിച്ച് ഒരു മാധ്യമത്തിന് അഭിമുഖം നല്കുകയുണ്ടായി. പലതു പറഞ്ഞ കൂട്ടത്തില്‍ ഈ മഹാനടന്, ഇപ്പോള്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്കുന്ന മഹാ(?)ന്മാരോട് ആദരവ് പ്രകടിപ്പിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയോട് പ്രതികരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ ലഭിച്ച പുരസ്കാരങ്ങളൊന്നും തിരിച്ചു നല്കി പരിഷ്ക്കാരിയാകാന്‍ തയ്യാറായില്ല.
എന്താണാവോ അസഹിഷ്ണുത. ആര്‍ക്കാണാവോ അസഹിഷ്ണുത? ഇപ്പോള്‍ അസഹിഷ്ണുത വളര്‍ത്താന്‍ ശ്രമിക്കുന്നത് നരേന്ദ്രമോദിക്കെതിരായാണ്. അത് ഇപ്പോള്‍ തുടങ്ങിയതല്ല. നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഞാന്‍ ഈ രാജ്യം വിടുമെന്ന് പ്രഖ്യാപിച്ച സാഹിത്യകാരുണ്ടായിരുന്നു. യു.ആര്. അനന്തമൂര്‍ത്തി. അനന്തമൂര്‍ത്തിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര് അണിനിരന്നതാണ്. അനന്തമൂര്‍ത്തി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പുരസ്കാരം തിരിച്ചേല്പ്പിക്കുന്നില്ല. എന്നാല്‍ അനന്തമൂര്‍ത്തിക്ക് പിന്തുണ നല്കിയ പകല്‍ മാന്യന്മാരാകട്ടെ ആരും പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ സന്നദ്ധരായില്ലെന്നതും കാണാതിരുന്നുകൂടാ.
ഇല്ലാത്ത പ്രശ്നങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. വാജ്പേയി ഭരിച്ചപ്പോള്‍ ഇന്നത്തെപോലെയൊന്നും ഉണ്ടായില്ലല്ലോ എന്നാണ് ചിലര്‍ പറയുന്നത്.
അന്ന് അതിനുള്ള ശ്രമം നടത്തിയതാണ്. ക്രിസ്ത്യാനികള്‍ അക്രമിക്കപ്പെടുന്നു എന്നു പറഞ്ഞുണ്ടാക്കിയ പുകില് മറക്കാന്‍ പറ്റുമോ? മധ്യപ്രദേശിലടക്കം കുഴപ്പമുണ്ടാക്കിയവര്‍ ക്രൈസ്തവ സഭയില്പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കേരളത്തിലടക്കം വിദ്യാലയങ്ങള്‍ അടച്ച് പ്രകടനം നടത്തിയവര്‍ ഇളിഭ്യരായത്. അതുതന്നെയാണ് ഇപ്പോഴും സംഭവിക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: