കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ കഴിയാത്തത് പോലീസിന് തിരിച്ചടിയാകുന്നു. ഇത് തെളിയിക്കാനാവില്ലെന്ന് പോലീസ് കോടതിയില്‍ സമ്മതിച്ചു. ശാസ്ത്രീയ പരിശോധനക്ക് സംവിധാനമില്ലെന്ന ഹൈദരാബാദിലെ ഫോറന്‍സിക് ലാബിന്റെ മറുപടിയാണ് കേരള പൊലീസിന് തിരിച്ചടിയായത്.
സിഗരറ്റിനൊപ്പം കലര്‍ത്തിയാണ് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ കുറ്റം ചെയ്തുവെന്നു തെളിയിക്കാന്‍ ഈ സിഗരറ്റ് കുറ്റികളും രക്ത സാംപിളുകളുമാണ് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി പൊലീസ് അയച്ചത്. എന്നാല്‍ ഇവിടെ ഇത് തെളിയിക്കാനാവശ്യമായ പരിശോധന നടത്താനാകില്ലെന്നായിരുന്നു ലാബ് മറുപടി നല്‍കിയത്.
കൊക്കെയ്ന്‍ ഉപയോഗം കണ്ടെത്താന്‍ ഈ സാംപിളുകള്‍ മതിയാവില്ലെന്നും പൊലീസ് നല്കിയ സാംപിളുകള്‍ പരിശോധിക്കാന്‍ സംവിധാനമില്ലെന്നുമാണ് ഫോറന്‍സിക് ലാബ് അധികൃതരുടെ നിലപാട്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുമില്ല. അതേസമയം പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത കൊക്കെയ്ന്‍ ഹാജരാക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കൊക്കെയ്ന്‍ കൈവശം വച്ചുവെന്നും വില്‍പ്പന നടത്തിയെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് ഉപയോഗത്തെക്കാള്‍ വലിയ കുറ്റം ഇതാണെന്നുമാണ് പൊലീസിന്റെ വിചിത്രമായ വാദം. എന്നാല്‍ പ്രതികള്‍ക്ക് ഈ കുറ്റസമ്മതം കോടതിയില്‍ നിഷേധിക്കാനാകും. പരിശോധനകള്‍ക്കായി സാംപിളുകള്‍ ശേഖരിച്ചതിലെ പോരായ്മയെപ്പറ്റി നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: