തിരുവനന്തപുരം: അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലുകയോ പ്രദേശത്ത് നിന്ന് മാറ്റുകയോ ചെയ്യുന്നതുകൊണ്ട് മനുഷ്യര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ കുറയില്ലെന്ന് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കോ-ഓപ്റ്റഡ് മെംബര്‍ ഗൗരി മൗലേഖി പറഞ്ഞു. നായ്ക്കളെ വന്ധ്യംകരിക്കുകയാണ് ഏറ്റവും ഉത്തമവും ശാസ്ത്രീയവുമായ മാര്‍ഗമെന്നും അവര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നഗരഗ്രാമ ഭേദമെന്യേ കേരളത്തിലെ തെരുവോരങ്ങളില്‍ ഭക്ഷ്യമാലിന്യം കുന്നുകൂടിയിരിക്കുന്നതാണ് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാനകാരണം. അവ ഈ മാലിന്യങ്ങള്‍ ഭക്ഷിച്ച് തെരുവോരങ്ങളെ ശുചീകരിക്കുകയാണ്.
തെരുവുനായ്ക്കളെ കൊല്ലുന്നത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും. തെരുവുനായ്ക്കളില്ലെങ്കില് എലി തുടങ്ങിയ ക്ഷുദ്രജന്തുക്കള്‍ വര്‍ധിക്കും. ഇത് കൂടുതല്‍ അപകടമാണ്. അനധികൃത അറവുശാലകളിലെ മാംസാവശിഷ്ടങ്ങളും ഭക്ഷിച്ചു തീര്‍ക്കുന്നത് തെരുവുനായ്ക്കളാണ്. ഒരു സ്ഥലത്തു നിന്ന് അവയെ പിടികൂടി മറ്റൊരു സ്ഥലത്ത് കൊണ്ടുവിട്ടാല്‍ വേറെ എവിടെ നിന്നെങ്കിലും മറ്റു നായ്ക്കള്‍ ഈ സ്ഥലത്തെത്തും. ഇത് കൂടുതല്‍ ആക്രമണങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും കാരണമാകും.
കേരളത്തില്‍ 20 ലക്ഷം തെരുവു നായ്ക്കളുണ്ടെങ്കില്‍ ഹരിയാനയില്‍ 23 ലക്ഷമാണുള്ളത്. അവിടെ തെരുവുനായ്ക്കള്‍ കേരളത്തിലെ പോലെ മനുഷ്യരെ ഉപദ്രവിക്കുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. തെരുവു നായ്ക്കളടക്കമുള്ള ജന്തുക്കളെ ഉപദ്രവിക്കുന്നത് നമ്മുടെ ഭരണഘടനയ്ക്ക് എതിരാണ്.
അതിനാല്‍ അവയെ വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. കേരള സര്‍ക്കാര്‍ ഇതിനായി വ്യവസ്ഥാപിത പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞു. ഉടന്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള ജീവനക്കാരെ വച്ച് പദ്ധതി വിജയിപ്പിക്കാനാകും. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ഇപ്പോള്‍ ആധുനിക മാര്‍ഗങ്ങളുണ്ട്. ഇത്തരം പദ്ധതികള്‍ ശാസ്ത്രീയമായി നടപ്പാക്കിയ സ്ഥലങ്ങളില്‍ പേ വിഷബാധ പോലും നിയന്ത്രണത്തിലാണ്. അതിനാല്‍ വളരെ ആലോചിച്ച് നായ്ക്കളോട് ശത്രുത കാട്ടാതെ ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: