തൃക്കരിപ്പൂര്‍(കണ്ണൂര്‍): ചെറുവത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വിജയബാങ്ക് ശാഖയിലെ സ്ട്രോങ്ങ് റൂം തുരന്ന് കൊള്ള നടത്തിയ നാല് പ്രതികളുമായി പോലിസ് ഇന്നലെ തെളിവെടുപ്പ് നടത്തി. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മത്സ്യമാര്‍ക്കറ്റിന് എതിര്‍വശത്തെ ബാങ്ക് കെട്ടിടത്തില്‍ പ്രതികളുമായി അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്.
പ്രധാന പ്രതിയായ അബ്ദുല്‍ ലത്തീഫ്, കൂട്ടു പ്രതികളായ മുബഷീര്‍, സുലൈമാന്‍,രാജേഷ് മുരളിധരന് എന്നിവരെ നീലേശ്വരം സി.ഐ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ബാങ്കിലെത്തിച്ചത്. ആദ്യമായി തുരക്കാന്‍ വാടകക്കെടുത്ത താഴത്തെ മുറിയിലേക്കാണ് പ്രതികളെ കൊണ്ട് വന്നത്. ബാങ്കിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന രീതിയും മുകളിലേക്ക് കയറിയതും പ്രധാന പ്രതിയായ അബ്ദുല്‍ ലത്തീഫ് വിവരിച്ചു. ഇടുക്കി സ്വദേശി രാജേഷ് മുരളിയായിരുന്നു തറ തുരന്നത്. ലത്തീഫായിരുന്നു തുരന്ന ദ്വാരത്തില്‍ക്കൂടി മുകളിലേക്ക് കയറി കവര്‍ച്ച നടത്തിയത്.
പിന്നീട് മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലേക്കും സ്ട്രോങ്ങ് മുറിക്കകത്തേക്കുംകൊണ്ടുപോയി. അകത്തേക്ക് കയറിയതും സെയ്ഫ് തുറന്നതും സ്വര്‍ണ്ണവും പണവും കവര്‍ന്ന രീതികളും ലത്തീഫ് സി.ഐ പ്രേമ ചന്ദ്രനോട് പറഞ്ഞു. കഴിഞ്ഞ മാസം 26,27 തീയ്യതികളിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. സംഭവ സമയം താഴത്തെ ഷട്ടര്‍ ഇട്ടശേഷം അബ്ദുല്‍ ലത്തീഫ് മാത്രമാണ് സ്ട്രോങ്ങ് റൂമിലേക്ക് കയറിയത്. ഈ സമയം മറ്റു പ്രതികള്‍ പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. രണ്ടു ദിവസങ്ങളിലായി മൂന്നു തവണ സ്ട്രോങ്ങ് റൂമില്‍ പ്രവേശിച്ചു. ആദ്യത്തെ സെയ്ഫ് കുത്തിത്തുറന്നപ്പോള്‍ അതിനകത്ത് നിന്ന് താക്കോല്‍ കൂട്ടം കിട്ടി. ഇത് രണ്ടാമത്തെ സേഫ് തുറക്കാന്‍ എളുപ്പമായി.
ആദ്യ തവണ കയറിയപ്പോള്‍ അലാറം മുഴങ്ങി. തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ച് കടന്നു കളഞ്ഞു, വീണ്ടുംവന്ന് അലാറത്തിന്റെ കണക്ഷന് വേര്‍പെടുത്തിയശേഷമാണ് കവര്‍ച്ച നടത്തിയത്. സി.ഐയുടെ ചോദ്യങ്ങള്‍ക്കെല്ലാം സ്ട്രോങ്ങ് റൂമില്‍ വെച്ച് തന്നെ പ്രതി ഉത്തരം പറഞ്ഞു. ഒരുമണിയോടെ പ്രതികളെ തിരിച്ചുപോയി. അടുത്ത ദിവസം തന്നെ കാര്യങ്കോട് പുഴയിലും തെളിവെടുപ്പ് നടക്കും, കവര്‍ച്ചയുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങള്‍ ഈ പുഴയില്‍ വലിച്ചെറിഞ്ഞിട്ടുണ്ടന്നാണ് മൊഴി. 20 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 2.95 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ബാങ്കിന്റെ സുരക്ഷ വീഴ്ചയാണ് കവര്‍ച്ചക്കാര്‍ക്ക് സൗകര്യമായതെന്ന് പോലീസിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പ്രതികളുടെ മൊഴികള്‍.
ബാങ്ക് കൊള്ള ചെയ്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടു വരുന്നുണ്ടെന്നറിഞ്ഞു സ്ത്രീകളടക്കമുള്ള വന്‍ ജനാവലിയായിരുന്നു സ്ഥലത്ത് തടിച്ചു കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: