ആലപ്പുഴ: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി-എസ്എന്‍ഡിപി മുന്നേറ്റം തകര്‍ക്കാന്‍ ചില ശക്തികള്‍ ആസൂത്രിതമായി പണമൊഴുക്കുന്നതായി എസ്എന്‍ഡിപി വിലയിരുത്തല്‍. വെള്ളാപ്പള്ളി വിരുദ്ധരായ മുഴുവന്‍ പ്രമുഖരെയും സംഘടിതമായി അണിനിരത്തി പ്രചരണം നടത്തുകയാണ് ആദ്യഘട്ടം. വരും ദിവസങ്ങളില്‍ പരമാവധി എസ്എന്‍ഡിപി പ്രവര്‍ത്തകരെ പരസ്യമായി വെള്ളാപ്പള്ളി നടേശന്റെ പുതിയ രാഷ്ട്രീയ നിലപാടുകളെ തള്ളിപ്പറയിക്കും.
സിപിഎം സജീവ പ്രവര്‍ത്തകരും അനുഭാവികളുമായ എസ്എന്‍ഡിപി പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിക്കുക. ഒരോ സ്ഥലത്തെയും ഇത്തരത്തിലുള്ളവരുടെ വിവരങ്ങള്‍ സിപിഎം നേതൃത്വം ശേഖരിച്ചു തുടങ്ങി. ഇതു കൂടാതെയാണ് പണം ഒഴുക്കിയുള്ള പ്രചരണങ്ങള്‍. ഇതിനായി മാദ്ധ്യമങ്ങളെയും പരമാവധി ഉപയോഗിക്കും. പാര്‍ട്ടി ചാനലിനു പുറമെ സാമ്പത്തിക പ്രതിസന്ധിയിലായ മറ്റു ചില ചാനലുകളെയും ഇതിനായി വിനിയോഗിക്കാനാണ് നീക്കം.
വെള്ളാപ്പള്ളി വിരുദ്ധരായ വ്യവസായികളെ ഇതിനായി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
എസ്എന്‍ഡിപി ഇതുസംബന്ധിച്ച് സ്വന്തം നിലയ്ക്കുതന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എസ്എന്‍ഡിപി നേതൃത്വം പറഞ്ഞു.
നേരത്തെ നാരായണപണിക്കര്‍ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴുണ്ടായ എന്‍എസ്എസ് -എസ്എന്‍ഡിപി ഐക്യം തകര്‍ക്കാന്‍ കോട്ടയത്തെ ചില മാദ്ധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ ചമച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ ശക്തികള്‍ തന്നെയാണ് വെള്ളാപ്പള്ളിയുടെ മകന് കേന്ദ്രസഹമന്ത്രിയാകുമെന്ന് തുടക്കത്തില്‍ പ്രചരിപ്പിച്ചതത്രെ.
തല്ക്കാലം ഇതിനെതിരെ പ്രതികരിക്കേണ്ടെന്നും അടുത്ത മാസം നടക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനുമാണ് എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. തദ്ദേശതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ കരുത്ത് മുന്നണികളെ ബോദ്ധ്യപ്പെടുത്തുമെന്നും നേതാക്കള്‍ പറയുന്നു.
ബിജെപി- എസ്എന്‍ഡിപി സഖ്യത്തിനെതിരെ പ്രസ്താവന നടത്തുന്ന ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യപ്പെടുന്ന പണം നല്കാന് ചിലര്‍ തയ്യാറാണത്രെ. എസ്എന്‍ഡിപി പ്രാദേശിക നേതാക്കളെ ഇതിനായി പലരും സമീപിക്കുന്നതായി വിവരമുണ്ട്. ഇതില്‍ ഇടതു-വലതു മുന്നണികളില്പ്പെട്ടവരുമുണ്ട്. വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ത്ത് പരസ്യമായി രംഗത്തുവരണമെന്നാണ് ഇവരുടെ ആവശ്യം. അനുനയത്തിന് വഴങ്ങാത്തവരെ സിപിഎമ്മുകാര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നു.
പ്രാദേശിക തലങ്ങളില്‍ പലയിടത്തും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇടതു-വലതു മുന്നണികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ എന്തുവില നല്‍കിയും ഇതിനെ ചെറുക്കാനാണ് ഇവരുടെ ശ്രമം. ചേര്‍ത്തലയും മാവേലിക്കരയും അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ തയ്യാറായവരെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. ഭീഷണിക്ക് വഴങ്ങി വനിതകള്‍ പലരും പിന്മാറിയെങ്കിലും എസ്എന്‍ഡിപി പ്രവര്‍ത്തകരായ പുരുഷന്മാര് പാര്‍ട്ടി ഭീഷണിയും അതിജീവിച്ച് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥികളാകാന്‍ തയ്യാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: