ഇരിട്ടി(കണ്ണൂര്‍): ശിവഗിരി മഠത്തിലെ സ്വാമി ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്നതിന് തന്റെ കയ്യില്‍ തെളിവില്ലെന്നും തെളിവുള്ളവര്‍ അത് തെളിയിക്കാന്‍ മുന്നോട്ട് വരണമെന്നും ശിവഗിരി മഠത്തിലെ മുന്‍ അന്തേവാസി സ്വാമി ശിവാനന്ദഗിരി പറഞ്ഞു. 35 വര്‍ഷത്തോളം ശിവഗിരി മഠവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന സ്വാമി ശിവഗിരി മഠത്തിലുള്ളപ്പോഴായിരുന്നു ശാശ്വതീകാനന്ദ സ്വാമിയുടെ മരണം നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് സമീപം കാക്കയങ്ങാട് പാലപ്പുഴയിലെ തന്റെ മഠത്തില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ ശിവാനന്ദഗിരി. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ വിഭിന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെയും തുടര്‍ന്ന് സ്വാമി പലവട്ടം അന്നത്തെ ആന്റണി സര്‍ക്കാരില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഗൗനിക്കാഞ്ഞതിനെ തുടര്‍ന്ന് കോടതില്‍ ഇത് സംബന്ധിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. ആറു വര്‍ഷം കേസ് നടത്തി.
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പിന്നീട് ഇത് െ്രെകംബ്രാഞ്ചിന് വിടുകയായിരുന്നു. എന്നാല്‍ െ്രെകംബ്രാഞ്ചും സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനും മകന് തുഷാര്‍ വെള്ളാപ്പള്ളിക്കും സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന ബിജു രമേഷിന്റെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും സജീവചര്‍ച്ചയായത്.
തെളിവുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കാന്‍ മുന്നോട്ടു വരണം. അക്കാലത്ത് സ്വാമിയുടെ മരണം ഏറെ വിവാദമാവുകയും കൊലപാതകമാണെന്ന ആരോപണം പല കോണില്‍ നിന്നും ഉയരുകയും ചെയ്തപ്പോഴാണ് സ്വാമിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ശിവാനന്ദഗിരി ഇതു അന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതും ഒടുവില്‍ കേസില്‍ വരെ എത്തിയതും. പുതിയ അന്വേഷണമല്ല വേണ്ടതെന്നും മുന്‍പത്തെ അന്വേഷണം തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഭരണകൂടം അതിനു അനുകൂലമാണെങ്കില്‍ കോടതിയും അനുകൂലമാവും. അല്ലെങ്കില്‍ എല്ലാം രാഷ്ട്രീയമായി ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് വെച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ മര്‍ദ്ദിച്ച സംഭവം അറിയുമോ എന്ന ചോദ്യത്തിന് അക്കാലത്ത് ചില സ്വാമിമാര്‍ അങ്ങിനെ പറഞ്ഞു കേട്ടിരുന്നുവെന്നും തനിക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ അറിയുകയേ ഇല്ല എന്നും സ്വാമി പറഞ്ഞു. കേസ് നടത്തിയിരുന്ന കാലത്ത് ആരില്‍ നിന്നും ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ചില അഭിഭാഷകര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ഒഴിവായിരുന്നുവെന്നും ഇത് സംബധിച്ച ചോദ്യത്തിന് സ്വാമി മറുപടി പറഞ്ഞു. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പാലപ്പുഴക്കടുത്തു ആറളം പുഴയോരത്തുള്ള ബുദ്ധവിഹാര്‍ എന്ന ആശ്രമത്തില്‍ വിശ്രമത്തിലാണ് സ്വാമി ശിവാനന്ദ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: