തൃശൂര്‍: മരണമില്ലാതെ അശോക ഹൃദയം തുടിക്കുന്നു, പഞ്ചാബ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ് കെയ്നാലിലുടെ. ഇന്നലെ തൃശൂരില്‍ നിന്ന് ലക്ഷ്യസ്ഥാനത്തേക്കുള്ള ഹൃദയ യാത്ര സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വേഗത്തിലായിരുന്നു. നാല്‍പ്പത് മിനിട്ടു കൊണ്ടാണ് തൃശൂരില്‍ നിന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരായ പാലക്കാട് നെന്മാറ സ്വദേശി പ്രമോദ് കെ. ഐലൂര്‍, തൃശൂര്‍ പാടൂക്കാട് സ്വദേശി എം.എം.പ്രദീപ് എന്നിവര്‍ ഹൃദയം നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. രാവിലെ ഹൃദയം സ്വീകരിക്കാന്‍ പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ വിദഗ്ധസംഘം ദയ ആശുപത്രി തിയ്യറ്ററില്‍ ശാസ്ത്രക്രിയ നടത്തി ഹൃദയമെടുത്ത് പന്ത്രണ്ടേകാലോടെയാണ് ചെന്നൈയിലേക്ക് തിരിച്ചത്. സമയ്ര്രകമം പാലിക്കുന്നതിനും ദൗത്യം വിജയിപ്പിക്കുന്നതിനും തൃശൂരിലെ പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കികൊടുത്തു.
ഇന്നലെ കാലത്ത് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ ചെറുതുരുത്തി സ്വദേശി മേച്ചേരി തൊട്ടിവീട്ടില് പരേതനായ രാഘവന്റെ മകനായ അശോക(29)നാണ് അവയവദാനത്തിന്റെ മഹത്തായ സന്ദേശവാഹകനായത്. വാഹനാപകടത്തില്‍പ്പെട്ട് 11 ദിവസമായി ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലര് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് വിദഗ്ധന്‍ ഡോ. ശ്രീനാഥ്.ബി, അനസ്തെറ്റിസ്റ്റ് എ. മുരളീധരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചാര്‍ട്ടേഡ് വിഭാഗത്തില്‍ രാവിലെ 7ന് ചെന്നൈയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി എട്ട്മണിയോടെ റോഡ്മാര്ഗ്ഗം ആശുപത്രിയിലെത്തി.
നേരത്തെ നെടുമ്പാശ്ശേരിയില്‍നിന്നും ഹെലികോപ്റ്റര്‍മാര്‍ഗ്ഗം രാമവര്‍മ്മപുരത്തെ പോലീസ് അക്കാദമി ഗ്രൗണ്ടിലിറങ്ങി ഹൃദയവുമായി ഹെലികോപ്റ്ററില്‍ തന്നെ തിരിച്ചുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ശക്തമായ മഴമൂലം മാറ്റം വരുത്തേണ്ടിവന്നു. റോഡ് മാര്‍ഗം തന്നെയാണ് സംഘം എത്തിയതും തിരിച്ചുപോയതും. വിമാനത്താവളത്തില്‍ നിന്ന് ദയ ആശുപത്രിവരെ പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി സുഗമമായ സംവിധാനമൊരുക്കികൊടുത്തു. സിറ്റിപോലീസ് കമ്മീഷ്ണര്‍ കെ.ജി.സൈമന്, അസി.കമ്മീഷ്ണര്‍ ശിവവിക്രം, കണ്‍ട്രോള്‍റൂം സി.ഐ ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കിയത്.അശോകിന്റെ കരളും വൃക്കയും എറണാകുളത്തെ ലേക്ക്ഷോര്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്്. വൃക്കകള്‍ അവിടെ നിന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റും. കണ്ണുകള്‍ തൃശൂരിലെ ജൂബിലി മിഷന് ആശുപത്രിയിലേക്കാണ് മാറ്റിയത്.
അശോകന്റെ കുടുംബവും സുഹൃത്തുക്കളും അവയവദാനത്തിന് സന്നദ്ധത അറിയിച്ചതിനെതുടര്‍ന്ന് അതിവേഗതയിലായിരുന്ന ദയ ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചത്. ചെറുതുരുത്തി അമൃത സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു അശോകന്. അശോകന്റെ മൃതദേഹം വൈകീട്ട് മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചെറുതുരുത്തിയിലെ പൊതു ശ്മാശനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: