മലപ്പുറം: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും വണ്ടൂര്‍ പഞ്ചായത്ത് വാണിയമ്പലം കുറ്റുമുണ്ട കോളനി നിവാസികളായ തണ്ടുപാറ വേലായുധന്, ഭാര്യ ലീല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഹരിജന്‍ കുടുംബത്തില്‍പെട്ട ഇവരുടെ മകന് ബിജു(20) ആണ് കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നീട്ടില് നിന്നും കുറച്ച് അകലെയായി തോട്ടത്തില്‍ റബ്ബര്‍മരത്തിന്റെ കൊമ്പില്‍ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ നിലത്തുമുട്ടിയ നിലയില്‍ വണ്ണംകുറഞ്ഞ കയറിലായിരുന്നു മൃതദേഹം തൂങ്ങികിടന്നിരുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടാം തീയതി വാണിയമ്പലം മാട്ടക്കുളം കോളനിയിലെ ചിലര്‍ ചേര്‍ന്ന് ബിജുവിനെ മാര്ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന മാതാവ് ലീലയെയും ഇവര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്ന് വൈകുന്നേരം മുതല്‍ മകനെ കാണാതാകുകയും പിറ്റേ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മാട്ടക്കുളം കോളനിയിലെ ഒരു പെണ്‍കുട്ടിയുമായി ബിജു പ്രണയത്തിലായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബിജുവിനെ കൊലപ്പെടുത്തിയതാണെന്നും തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ കെട്ടിത്തൂക്കിയതാണെന്നും ഇവര്‍ ആേരാപിച്ചു. ബിജുവിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് തൂങ്ങിമരിച്ചതിന്റെ യാതൊരടയാളവും കണ്ടെത്താനായിരുന്നില്ല. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൃതദേഹം ഉന്നത പോലീസ് ഉദ്യോസ്ഥരും ഡോഗ്സ്ക്വാഡും വന്ന് പരിശോധിച്ച ശേഷമേ അഴിച്ചുമാറ്റാവൂ എന്നു പറഞ്ഞിട്ടും പ്രദേശത്തെ വാര്‍ഡ്മെമ്പറുടെ നേതൃത്വത്തില്‍ മൃതദേഹം അഴിച്ചുമാറ്റുകയാണുണ്ടായത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ലീഗ് അംഗം കൂടിയായ വാര്‍ഡ്മെമ്പറുടെ ഭാഗത്തുനിന്നും ഉള്ളത്. ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വണ്ടൂര്‍ സിഐക്ക് മാര്‍ച്ച് 11ന് പരാതി നല്കി. എന്നാല്‍ 25 ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാല്‍ ഏപ്രില്‍ രണ്ടിന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്റ്റേഷന്‍മാര്‍ച്ച് നടത്തിയതിന് ശേഷമാണ് പോലീസ് കോളനിയില്‍ സന്ദര്‍ശിച്ചത്. എന്നാല്‍ പിന്നീട് കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്, എസ്സി/എസ്ടി കമ്മീഷന് തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആേരാപിച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അനില്‍കുമാര്‍ വീടു സന്ദര്‍ശിച്ചെങ്കിലും ഇവര്‍ താമസിക്കുന്ന വീടിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് മാത്രമാണ് ചോദിച്ചത്. ബിജുിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരു കാര്യങ്ങളും ചോദിച്ചില്ലെന്നും അന്വേഷണം നടത്താമെന്ന് മാത്രം മന്ത്രി പറയുകയാണുണ്ടായതെന്നും ഇവര്‍ പറഞ്ഞു. ബിജുവിന്റെ മരണം സ്വാഭാവികമരണമാണെന്നാണ് പോലീസ് പറയുന്നത്. മഞ്ചേരി ജില്ലാ ആശുപത്രിയിലാണ് മൃതദേഹം പേസ്ട്മോര്ട്ടം നടത്തിയിരുന്നത്. എന്നാല്‍ പോസ്ട്മോര്‍ട്ടം റിപ്പോര്‍ട്ട് നല്കാന് പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. ചോദിക്കുമ്പോള്‍ പലപല കാരണങ്ങള്‍ പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറുകയാണെന്നും ഇവര്‍ ആരോപിച്ചു. ബന്ധുക്കളായ ടി.പി. അയ്യപ്പന്, വി. തങ്കമണി, കെ. രാമകൃഷ്ണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: