നിലമ്പൂര്‍: കേരളത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങള്‍ യുവമോര്‍ച്ച ഏറ്റെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പ്രകാശ് ബാബു. ജില്ലാ പ്രസിഡന്റ് അജി തോമസ് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥയുടെ ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അര്‍ഹമായവര്‍ക്ക് ജോലി നല്കാന് പോലും ശ്രമിക്കാതെ മുന്നണി രാഷ്ട്രീയത്തിലെ ഘടകകക്ഷികളെ പ്രീതിപ്പെടുത്താന്‍ അനര്‍ഹരെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകി കയറ്റുകയാണ്. നിയമന തട്ടിപ്പുകള്‍ക്കെതിരെ കാലങ്ങളായി യുവമോര്‍ച്ച നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
അഴിമതിയില്‍ മുങ്ങികുളിച്ച്, ഗ്രൂപ്പു വഴക്കുകളുമായി നടക്കുന്ന കോണ്‍ഗ്രസിനോ യുഡിഎഫിനോ കേരള ജനതയെ രക്ഷിക്കാന്‍ കഴിയില്ലെന്ന് പൊതുജനം മനസിലാക്കി തുടങ്ങിയിരിക്കുന്നു. യുവമോര്‍ച്ചയിലേക്കും ബിജെപിയിലേക്കും ദിവസവും നൂറുകണക്കിന് ആളുകള്‍ വരുന്നത് അതിനുള്ള ഉദാഹരണമാണ്. കേരളത്തിന്റെ യുവമനസ്സുകള്‍ ദേശീയതയിലാണ് വിശ്വസിക്കുന്നത് അതുകൊണ്ട് തന്നെ അവര്‍ യുവമോര്‍ച്ചയുടെ തണലില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതും. ആര് വിചാരിച്ചാലും യുവജനങ്ങളെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന് സാധിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി.വേലായുധന്, ബിജെപി. ജില്ല കമ്മിറ്റിയംഗം അഡ്വ.ടി.കെ.അശോക് കുമാര്‍, മേഖല ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില് നാഥ്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം സുധീഷ് ഉപ്പട, ജില്ല വൈസ് പ്രസിഡന്റ് അനില്‍ വളാഞ്ചേരി, ശിതു കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
അഴിമതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമുയര്‍ത്തിയാണ് സൈക്കിള്‍ റാലി പുരോഗിമിക്കുന്നത്. ഓരോ സ്വീകരണ കേന്ദ്രത്തിലും വന്‍ജനവലിയാണ് റാലിയില്‍ പങ്കെടുക്കാന്‍ കാത്തുനില്‍ക്കുന്നത്. അന്‍പതോളം സൈക്കിളുകള്‍ റാലിയിലുണ്ട്. ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്കുന്ന പരിപാടികള്‍ ഓരോ മണ്ഡലത്തിലൂടെയും കടന്നുപോകുമ്പോള്‍ ജനപിന്തുണ വര്‍ദ്ധിക്കുകയാണ്. മമ്പാട്, എടവണ്ണ, പത്തപ്പിരിയം, ആയമയൂര് റോഡ്, മഞ്ചേരി, ആനക്കയം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മലപ്പുറത്ത് സമാപിച്ചു.
ഇന്ന് മലപ്പുറത്ത് നിന്നും ആരംഭിക്കുന്ന ജാഥ അറവങ്കര, മൊറയൂര്‍, കൊണ്ടോട്ടി, കോട്ടപ്പുറം, പള്ളിക്കല്‍ ബസാര്‍, യൂണിവേഴ്സിറ്റി, ചേളാരി, കൊട്ടുമൂച്ചി, ചെട്ടിപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പരപ്പനങ്ങായില്‍ സമാപിക്കും. നാളെ താനൂര്‍, വട്ടത്താണി, തിരൂര്‍, ആലത്തിയൂര്‍, ചമ്രവട്ടം, മാറഞ്ചേരി, ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കുറ്റിപ്പുറത്ത് സമാപിക്കും.
സമാപനയോഗം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: