അങ്ങാടിപ്പുറം: ഒരു കാലത്ത് വള്ളുവനാടിന്റെ തലസ്ഥാനമായിരുന്ന അങ്ങാടിപ്പുറം ഇന്ന് നേരിടുന്നത് കടുത്ത അവഗണന. ഒരുപക്ഷേ യുനസ്കോയുടെ പൈതൃക ഗ്രാമ പദവി നേടാന്‍ സാധ്യതയുള്ള ക്ഷേത്രനഗരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു നഗരത്തിനാണ് ഇത്തരമൊരു ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്. 39 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും ഏതാണ്ട് 55000ല്‍ അധികം ജനസംഖ്യയും ഉള്ള ഒരു നാടിനെ നഗരസഭയാക്കാതെ ഇന്നും പഞ്ചായത്തായി നിലനിര്‍ത്തിയിരിക്കുകയാണ് കേരളം മാറിമാറി ഭരിച്ച ഇടത്വലത് മുന്നണികള്‍. ഇത് തന്നെയാണ് നാടിന്റെ ദുരവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലയിലെ തന്നെ എറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്ന് സ്ഥിതി ചെയ്യുന്നതും അങ്ങാടിപ്പുറത്താണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തേണ്ടവര്‍ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് അങ്ങാടിപ്പുറം. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂയെന്ന പഴഞ്ചൊല്ല് അങ്ങാടിപ്പുറത്തിന്റെ കാര്യത്തില്‍ സത്യമാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. അങ്ങാടിപ്പുറം ക്ഷീണിക്കുന്നതിനനുസരിച്ച് തൊട്ടടുത്ത നഗരമായ പെരിന്തല്‍മണ്ണ വളരുന്നു. പെരിന്തല്‍മണ്ണയെന്ന പേരില്‍ നിയമസഭ മണ്ഡലവും നഗരസഭയും ഉള്ളപ്പോള്‍ അങ്ങാടിപ്പുറത്ത് ഇതൊന്നുമില്ല. ഈ നാടിനോട് എന്തുമാകാമെന്ന അധികാരികളുടെ നിലപാടില്‍ രോഷകുലരാണ് ഇവിടുത്തെ ജനങ്ങള്‍. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവഗണനക്കുള്ള മറുപടി നല്‍കാനൊരുങ്ങുകയാണ് അങ്ങാടിപ്പുറം നിവാസികള്‍. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ ഗതാഗതസംവിധാനം കാര്യക്ഷമമാക്കാന്‍ നടപടികളൊന്നും തന്നെ ഉണ്ടാകുന്നില്ല. ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ബസില്‍ കയറാന്‍ ഒരു സ്വകാര്യ ബസ്റ്റാന്‍ഡ് പോലുമില്ല. ഈ വിഷയം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസവും ധാരാളം തീര്‍ത്ഥാടകരെത്തുന്ന ഇവിടെ മതിയായ താമസ സൗകര്യങ്ങള്‍ പോലും നല്കാന് സംവിധാനമില്ല. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളില്ല. ഉന്നത വിദ്യാഭ്യാസത്തിന് മറ്റു നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. ക്രമസമാധാനപാലനത്തിന് പോലും പെരിന്തല്‍മണ്ണയി നിന്ന് പോലീസെത്തണം. പഞ്ചായത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ എത്തണമെങ്കില്‍ വലിയ തുക നല്കി ഓട്ടോറിക്ഷ വിളിക്കേണ്ട അവസ്ഥ. അതും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായ റോഡുകളിലൂടെയുള്ള ദുസഹമായ യാത്രയും. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെ അവഗണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: