ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയാറ്- എണ്‍പത്തിയാറ് കാലഘട്ടങ്ങളില്‍ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഗാനങ്ങള്‍ നല്കിയ ആലപ്പുഴക്കാരായ രണ്ടുപേര്‍ ഇപ്പോള്‍ എന്തുചെയ്യുന്നു? അവരെഴുതിയ പാട്ടുകള്‍ പലതും മലയാളികള്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ആ പാട്ടുകള്‍ക്ക് അര്‍ത്ഥ ഭംഗിയും ഭാഷാ സൗന്ദര്യവും ഏറെയുണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്തുകൊണ്ടാണ് പാട്ടിന്റെ വഴിയില്‍ നിന്നും മാറി സഞ്ചരിച്ചത്. കാലത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ പുതിയ തലമുറയ്ക്കുവേണ്ടി വഴിയരികില്‍ മാറി നിന്നതുകൊണ്ടാണോ ഇവര്‍ വിസ്മൃതിയിലായത്? അതോ സിനിമാവേദിയില്‍ തള്ളിക്കയറാന്‍ ആഗ്രഹിക്കാത്ത വ്യക്തിത്വങ്ങളായതുകൊണ്ടോ? എന്തുമാകട്ടെ അവരുടെ സാഹിത്യലോകം എങ്ങനെ? അത് അന്വേഷിക്കേണ്ടത് ഏത് സഹൃദയന്റേയും കടമയാണ്.
ആ കാലഘട്ടത്തില്‍ മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിച്ച നിരവധി ഗാനങ്ങള്‍ സംഗീത ലോകത്തിന് സംഭാവന ചെയ്തവര്‍. ഇമ്പമാര്‍ന്ന ഗാനങ്ങള്‍ നല്കാന് ഇവര്‍ ഇനി മടങ്ങിവരുമോ?
”ശാലീന സൗന്ദര്യമേ…, പൂവിനുള്ളില്‍ പൂവിരിയും പൂക്കാലം വന്നു…, ഇതളഴിഞ്ഞു വസന്തം ഇലമൂടി പൂവിരിഞ്ഞു…., വിളിക്കാതിരുന്നാലും വിരുന്നിനെത്തും വിഷുപക്ഷിയല്ലോ മോഹം…., അരയാല്‍ ഇലകള്‍ കീര്‍ത്തനം ചൊല്ലും അമ്പലത്തിരുമുറ്റത്ത്…. തുടങ്ങി നിരവധി ഗാനങ്ങള്‍ നമുക്ക് നല്കിയ മധു ആലപ്പുഴയും ആലപ്പുഴ രാജശേഖരന് നായരുമാണ് വിസ്മൃതിയിലായത്.
പതിനേഴോളം ചലച്ചിത്ര ഗാനങ്ങള്‍ സംഭാവന ചെയ്ത മധു ആലപ്പുഴയുടെ ഗാനങ്ങള്‍ പലതും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മിസ്സിയില് തുടങ്ങി ആദ്യത്തെ അനുരാഗത്തില്‍ അവസാനിച്ച ഗാനരചന. ചലച്ചിത്രരംഗത്തു നിന്നും തല്ക്കാലം പിന്‍വാങ്ങിയെങ്കിലും ആല്‍ബം ഗാനരചനയില്‍ ഇന്നും മധു സജീവമാണ്. താന്‍ എഴുതിയ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളാകുന്ന വേളയിലാണ് മധു ചലച്ചിത്ര ലോകം വിടുന്നത്. എട്ടുഗാനങ്ങളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായ ആലപ്പുഴ രാജശേഖരന് നായര്‍ തന്റെ നല്ല സമയത്താണ് ആ രംഗം വിടുന്നത്. ഒരാള്‍ കുടുംബ പ്രശ്നങ്ങളാലും മറ്റൊരാള്‍ ജോലി പ്രശ്നവും കാരണമാണ് പിന്‍വാങ്ങിയത്.
മധു ആലപ്പുഴ
മിസ്സി, താരാട്ട്, ഓര്‍മ്മയ്ക്കായി, ഇത്തിരിനേരം ഒത്തിരിക്കാര്യം, ആരാന്റെ മുല്ല കൊച്ചുമുല്ല, മിണ്ടാപൂച്ചയ്ക്ക് കല്യാണം, കല്യാണ ഉണ്ണികള്‍, തീരം തേടുന്ന തിര, മുഖ്യമന്ത്രി, കല്യാണ ഉണ്ണികള്‍ തുടങ്ങി പതിനേഴോളം ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ച മധുവിന്റെ പിന്‍വാങ്ങല്‍ അന്ന് ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഭാര്യയുടെ പെട്ടുന്നുള്ള മരണവും ഏകമകളെ തനിച്ചാക്കി വീടുവിട്ടുള്ള യാത്രയ്ക്ക് കഴിയാത്തതുമാണ് മധുവിന്റെ പിന്‍വാങ്ങലിന് കാരണമായത്. എന്നാല്‍ സംഗീത സംവിധായകനെന്ന പുതു കുപ്പായം അണിഞ്ഞ് വീണ്ടും രംഗപ്രവേശനത്തിന് തയ്യാറെടുക്കുകയാണ് മധു.
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മധുവിന് ചലച്ചിത്ര ലോകത്ത് നിരവധി എതിര് ശബ്ദങ്ങളെ നേരിടേണ്ടിവന്നിരുന്നു. ആരുടെയും മുഖത്ത് നോക്കി അഭിപ്രായം പറയുന്നവരേക്കാള്‍ പ്രിയം മണി അടിച്ചു നില്ക്കുന്നവരെയാണെന്ന് തിരിച്ചറിഞ്ഞ നാളുകള്‍. കഥയ്ക്ക് അനുസരിച്ച് ഗാനങ്ങള്‍ എഴുതുന്നതിന് പകരം ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടാണ് പലപ്പോഴും ഇന്നത്തെ ഗാനങ്ങള്‍ മനസ്സില്‍ പതിയാതെ പോകുന്നത്. സംസ്കാരവും, പ്രകൃതിയും, സൗന്ദര്യവും ഇതെല്ലാം ചേരുന്നതായിരുന്നു പഴയ ഗാനങ്ങള്‍. അത് വയലാര്‍ എഴുതിയാലും, ഒഎന്‍വി എഴുതിയാലും അങ്ങനെതന്നെ.
പുതുചലനങ്ങളും സാങ്കേതിക മാറ്റങ്ങളുടെ തള്ളിക്കയറ്റവും പലപ്പോഴും സംസ്കാരത്തെ മറന്നുള്ളതായിരുന്നു. പാരമ്പര്യവും സംസ്കാരവുമായിരുന്നു കവിതയുടെ ഈണത്തിന്റെ അടിസ്ഥാനം. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം. പഴമയും പുതുമയും കൂടി ചേരുമ്പോഴാണ് നല്ലൊരു ഗാനം ഉണ്ടാവുന്നത്. സ്വതന്ത്രമായി എഴുതാന്‍ അനുവദിക്കുമ്പോഴാണ് നല്ല ഗാനങ്ങള്‍ പിറവിയെടുക്കുന്നതും. ട്യൂണിന് ഒപ്പിച്ച് പാട്ടെഴുതുന്ന രീതി തന്നെപ്പോലുള്ള പഴയ തലമുറയ്ക്ക് അത്ര സ്വീകാര്യമല്ല.
പലസിനിമകളും പരാജയപ്പെട്ടെങ്കിലും മധുവിന്റെ ഗാനങ്ങള്‍ പലതും സൂപ്പര്‍ ഹിറ്റായത് ചിത്രങ്ങള്‍ക്കും ഏറെ പ്രസിദ്ധി നല്കി. ബാലചന്ദ്രമേനോന്റെ താരാട്ട് എന്ന ചിത്രത്തിനുവേണ്ടി എഴുതിയ പൂവിനുളളില്‍ പൂവിരിയും പൂക്കാലം വന്നു എന്ന ഗാനമാണ് മധുവിനെ ഏറെ പ്രസിദ്ധനാക്കിയത്. പിന്നീട് വന്ന ഇത്തിരിനേരം ഒത്തിരിക്കാര്യം എന്ന ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും മധുവിന്റേതായിരുന്നു. ഇതളഴിഞ്ഞു വസന്തം ഇതള്‍ മൂടി പൂവിരിഞ്ഞു എന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടുകളിലുണ്ട്.
സ്വര്‍ണ്ണച്ചിറകുള്ള പക്ഷി, വിഷുപക്ഷി ചിലച്ചു, മേടമാസപ്പുലരി എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായെങ്കിലും ചിത്രങ്ങള്‍ പാരാജയം നേരിട്ടു. 1997ല്‍ കല്യാണ ഉണ്ണികള്‍ക്കുവേണ്ടി പാട്ടെഴുതുന്നതിനിടയിലാണ് ഭാര്യ ഷൈല ബ്രയിന്‍ ട്യൂമര്‍ പിടിപെട്ട് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്നാണ് ഏക മകള്‍ മീരയ്ക്ക് വേണ്ടി ചലച്ചിത്ര രംഗത്തുനിന്നും പിന്മാറ്റവും തുടര്‍ന്ന് ആദ്ധ്യാത്മിക ലോകത്തേക്കുള്ള തിരിയലും.
യുക്തിവാദിയായ ഡോ. എ.ടി. കോവൂരുമായുള്ള ബന്ധമാണ് സിനിമാലോകത്തേയ്ക്കുള്ള പ്രവേശനത്തിന് കാരണമായത്. യുക്തിവാദവും പുരോഗമന ചിന്തയും യുവത്വത്തെ നയിച്ചെങ്കിലും അതിനപ്പുറം സത്യമുണ്ടെന്ന തിരിച്ചറിവാണ് ആദ്ധ്യാത്മിക ലോകത്തേക്ക് തിരിയാന്‍ കാരണമായത്. ലോകത്തേക്കുറിച്ച് പഠിക്കാനുള്ള കണ്ണാടിയാണ് ഭാരതത്തിന്റെ വിജ്ഞാന സംഹിതയെന്ന് മനസിലായത് അപ്പോഴാണ്. പിന്നീട് ആദ്ധ്യാത്മിക പഠനത്തിലേക്കുള്ള യാത്രയായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന സിനിമാ ലോകത്തുനിന്നും ഒതുങ്ങി ശാന്തമായ മറ്റൊരു ലോകത്തിലേക്ക്. അവിടെ ഭഗവത്ഗീതയും രാമായണവും പുരാണങ്ങളും മാത്രം.
ഋഗ് വേദാര്‍ത്ഥ പ്രകാശം, ഗുരുഗീതങ്ങള്‍, ഇതളഴിഞ്ഞു വസന്തം, വിശ്വകര്‍മ്മ കീര്‍ത്തനങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളും, ശബരീഗീതങ്ങള്‍, ശ്രീ അയ്യപ്പന്, ദേവീ കടാക്ഷം, ദേവീപ്രസാദം, അമ്മേ ഉണ്ണിക്കാളിയമ്മേ, മലയാളമങ്ക തുടങ്ങി ആല്‍ബങ്ങളും, ആറോളം നാടകങ്ങളും രചിച്ചിട്ടുണ്ട്.
ആലപ്പുഴ രാജശേഖരന് നായര്‍
സിനിമയ്ക്ക് വേണ്ടി പന്ത്രണ്ടോളം ഗാനങ്ങള്‍ എഴുതിയിട്ടുള്ള രാജശേഖരന് നായര്‍ തന്റെ വിശ്രമ ജീവിതത്തിലും ഗാനങ്ങള്‍ എഴുതുകയാണ് ആത്മസംതൃപ്തിക്കായി. ആയിരക്കണക്കിന് ഗാനങ്ങള്‍ എഴുതിയ രാജശേഖരന് മാതൃകാ അദ്ധ്യാപകനാണ്. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന ദേശീയ അവാര്‍ഡ് ജേതാവാണ.് 1993 ല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളാണ് നേടിയത്.
1985-86 കാലങ്ങളില്‍ സംഗീത ലോകത്ത് തിളങ്ങിയെങ്കിലും വിദ്യാര്‍ത്ഥികളോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ചലച്ചിത്ര സിനിമ രംഗത്ത് നിന്നും സ്വയം പിന്മാറുകയായിരുന്നു. ബാലചന്ദ്രമേനോന്റെ ഇഷ്ടമാണ് പക്ഷേയിലെ രണ്ട് ഗാനങ്ങള്‍ എഴുതിയത് രാജശേഖരനാണ്. യേശുദാസ്, ജയചന്ദ്രന്, മാധുരി എന്നിവരാണ് ഈ ഗാനങ്ങള്‍ പാടിയത്.
വിഷം എന്ന സിനിമയിലെ രണ്ട് ഗാനങ്ങളും ഏറെ ശ്രദ്ധേയമായി. വേലിയേറ്റം, മനസ്സിലെ മാന്‍പേട എന്നീ ചിത്രങ്ങളിലും രാജശേഖരന്റെ ഗാനങ്ങള്‍ ആയിരുന്നു. അന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരുന്നത് പലപ്പോഴും മദ്രാസിലായിരുന്നു. മാസങ്ങളോളം ഇതിനായി മദ്രാസ്സില്‍ ചിലവഴിക്കേണ്ടി വരും. ഇത്രയും ദിവസം സ്കൂളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത് കുട്ടികളുടെ ഭാവിക്ക് ദോഷമാകുമെന്ന് മനസ്സിലാക്കിയാണ് പിന്മാറിയത്. അഞ്ച് വര്‍ഷം ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. വിളിക്കാതിരുന്നാലും വിരുന്നിനെത്തും വിഷുപ്പക്ഷിയല്ലോ മോഹം… അരയാല്‍ ഇലകള്‍ കീര്‍ത്തനം ചൊല്ലും അമ്പലത്തിരുമുറ്റത്ത്… എന്നീ ഗാനങ്ങള്‍ രാജശേഖരന്റെ രചനയില്‍ ചിലത് മാത്രമാണ്.
ട്യൂണിന് അനുസരിച്ച് ഗാനങ്ങള്‍ എഴുതുന്ന ഇന്നത്തെ രീതി തന്നെപ്പോലുള്ള പഴയ തലമുറയ്ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് പെന്‍ഷനു ശേഷം സിനിമാ ലോകത്തേയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്നും രാജശേഖരന് പറഞ്ഞു. രാജശേഖരനെ സിനിമാ ലോകത്തേയ്ക്ക് നയിച്ചത് പ്രിയദര്‍ശിനി മൂവീസ് ഉടമ ജോയിയാണ്. വളര്‍ത്തുമൃഗങ്ങള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങി നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ് ജോയി.
ബാലെയ്ക്കുവേണ്ടി ആയിരത്തില്‍പരം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ശാരംഗപാണിയുടെ മലയാള കലാഭവനുവേണ്ടിയാണ് ഈ ഗാനങ്ങളെല്ലാം എഴുതിയത്. റേഡിയോ നാടകം, സംസ്കൃത നാടകം എന്നിവ എഴുതിയിട്ടുണ്ട്. ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാശാലയിലെ അദ്ധ്യാപകനായിരുന്നു. കുട്ടമ്പേരൂര്‍ ധര്‍മ്മസേവാ സമിതിയുടെ സംസ്കൃത രത്ന പുരസ്കാരം, തൃശ്ശൂര്‍ പുറനാട്ടുകര ഭാരത മുദ്രാപ്രസ്സിന്റെ അദ്ധ്യാപക പ്രതിഭാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അറുപത്തിയെട്ടുകാരനായ രാജശേഖരന് ആലപ്പുഴ കിടങ്ങാമ്പറമ്പ് ചിത്തിരയില്‍ ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. ഭാര്യ ലതാ ദേവി. മകന് ജയന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: