കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപങ്ങളിലെയും പണികള്‍ ഒന്നിച്ച് ചേര്‍ത്ത് അടങ്കല്‍തുക വര്‍ദ്ധിപ്പിച്ച് ചെറുകിട കരാറുകാരെ ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പൊതുമരാമത്ത് പണികള്‍ വലിയ പാക്കേജായി ടെണ്ടര്‍ ചെയ്യുകയാണിപ്പോള്‍.ഇത്പണികള് പൂര്‍ത്തിയാക്കുന്നതിന് കാലതാമസവും ചെറുകിട കരാറുകാര്‍ക്ക് തോഴില് നഷ്ടവും ഉണ്ടാക്കുന്നു. സര്‍ക്കാര്‍ അധികനിരക്കും നല്‍കേണ്ടിവരുന്നു. ഇ-ടെണ്ടര്‍ ഒഴിവാക്കണമെന്ന ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിലപാട്, ജനകീയ സമിതികളുടെ മറവില്‍ ബിനാമികള്‍ക്ക് പണികള്‍ നല്‍കുന്നതിന് വേണ്ടിയാണ്. ഇ-ടെണ്ടറിനൊപ്പം, ഇ-എഗ്രിമെന്റ്, ഇ-ഫയര്ലിംഗ്, ഇ-പേമെന്റ് എന്നിവ കൂടി നടപ്പാക്കി നിര്‍മ്മാണപ്രക്രിയയില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.
കരാറുകാരുടെ സമരത്തെ തുടര്‍ന്ന് 1892 കോടി രൂപ പ്രതിമാസ ഗഡുക്കളായി ഡിസംബറിന് മുന്‍പ് വിതരണം ചെയ്യാന്‍ ഉത്തരവുണ്ട്.ഈ മാസം നിരത്തു വിഭാഗത്തിന് 303.44 കോടിയും കെട്ടിട വിഭാഗത്തിന് 43.3 കോടിയും ജലവിഭവ വിഭാഗത്തിന് 26 കോടിയും വിതരണം ചെയ്യും. പ്രതിമാസ ഗഡുക്കള്‍ കരാറുകാര്‍ക്ക് മുന്‍കൂര്‍ ഡിസ്കൗണ്ട് ചെയ്തു വാങ്ങുന്നതിനും അനുമതിയുണ്ട്. എന്നാല്‍ കരാറുകാര്‍ക്ക് ഇടപാടുള്ള എല്ലാ ബാങ്കുകളും ഡിസ്കൗണ്ടിംഗിന് തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടപെട്ട് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം.
പ്രധാനമന്ത്രി ജന്‍ധന്‍ സഡസ്യോജന, നബാര്‍ഡ്, പതിമൂന്നാംധനകാര്യകമ്മീഷന്, കുട്ടനാട് പാക്കേജ്, സെന്‍ട്രല്‍ റോഡ്ഫണ്ട് എന്നിവയുടെ ബില്ലുകള്‍ കുടിശ്ശിക വരുത്താതെ വിതരണം ചെയ്യുമെന്ന ധനവകുപ്പിന്റെ ഉറപ്പ് കൃത്യമായി പാലിക്കപ്പെടുന്നില്ല.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, ട്രഷറര്‍ മനോജ് പാലാത്ര, സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: