കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി ഫസ്റ്റ്ക്ലാസ് സിജെഎം കോടതിയിലാണ് ഇന്നലെ ഉച്ചയോടെ പ്രതികളെ ഹാജരാക്കിയത്. റിമാന്‍ഡിലായ പ്രതികളെ മഞ്ചേരി സബ്ജയിലിലേക്ക് കൊണ്ടുപോയി.
വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സ് ജീവനക്കാരായ ഒന്‍പതു പേരായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റു ചെയ്തിട്ടില്ല. ഫയര്‍ഫോഴ്സ് ജീവനക്കാരായ ജഗനാഥന് നായര്‍, ജോസഫ് ഷൈന്‍, റിനീഷ്, അജിത്കുമാര്‍, ശ്രീധരന്, റിജു, ജോഷി, അനീഷ്, മധു മോഹന്‍ എന്നിവരാണ് റിമാന്‍ഡിലായത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊണ്ടോട്ടി സിഐയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ അറസ്റ്റുചെയ്തത്.
വെടിവെയ്പ്പില്‍ വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ചുമതലയുള്ള സിഐഎസ്എഫ് ജവാന് ജയ്പാല് യാദവ് മരിച്ചിരുന്നു. കൂടുതല്‍ പേരെ വരും ദിസങ്ങളില്‍ അറസ്റ്റുചെയ്യും. സംഭവത്തില്‍ ഉള്‍പ്പെട്ട ഫയര്‍ഫോഴ്സ് ജീവനക്കാരായ രണ്ടുപേര്‍ ചികില്‍സയിലാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഇവരെ നിരീക്ഷിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വരും ദിസങ്ങളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന സിഐഎസ്എഫ് ജവാന് സീതാറാം ചൗധരിക്കെതിരെ പോലീസ് നരഹത്യക്ക് കേസ്സെടുത്തു. സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നാണ് ജവാന് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഉള്‍പ്പെട്ട 25 ഓളം സിഐഎസ്എഫ് ഉദ്യോഗസ്ഥര്ക്കെതിെരയും കേസ്സെടുത്തു. വിമാനത്താളത്തിലെ സുരക്ഷാവിഭാഗം ചുമതലയുള്ള 50 ഓളം സിഐഎസ്എഫ് ജവാന്മാരെ ബാംഗളൂരുവിലേക്ക് കൂട്ടത്തോടെ സ്ഥലംമാറ്റി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. വിമാനത്താവളത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെയും ഉന്നതതല യോഗം േചര്‍ന്നു. അറസ്റ്റിലായ ഒന്‍പത് ഫയര്‍ഫോഴ്സ് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തു. പകരം രണ്ട് ജീവനക്കാര്‍ കഴിഞ്ഞ ദിവസം ചാര്‍ജ്ജെടുത്തു. ചെന്നൈയില്‍ നിന്നും എത്തുന്ന സീനിയര്‍ സൂപ്രണ്ട് ഇന്ന് ചാര്‍ജ്ജെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: