ആലപ്പുഴ: ബന്ധുക്കള്‍ തമ്മിലുള്ള വിവാഹവും ഗര്‍ഭാവസ്ഥയിലുള്ള അണുബാധയും ശിശുവിന് മുറിച്ചുണ്ടുള്പ്പെടെയുള്ള ശാരീരിക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഈ രംഗത്തെ ഗവേഷകനും ശസ്ത്രക്രിയ വിദഗ്ധനും സ്വിറ്റ്സര്‍ലന്റിലെ ക്ലെഫ്ട്സ് ചില്‍ഡ്രന്‍ ഇന്റര്‍നാഷനലിന്റെ സ്ഥാപകനുമായ ഡോ. ഹെര്മണ്സെയിലര് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവുമധികം മുറിച്ചുണ്ടുള്ളവര് മലപ്പുറം ജില്ലയിലാണെന്ന് ഇത് സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ വ്യക്തമായതായി ചെങ്ങന്നൂര്‍ സെന്റ്തോമസ് ആശുപത്രിയിലെ ഡോ. പി.സി. മാത്യൂ വ്യക്തമാക്കി.
ദാരിദ്ര്യം മൂലമുണ്ടാകുന്ന പോഷകാഹാരക്കുറവും ഗര്‍ഭസ്ഥ ശിശുവിന് ഇത്തരം വൈകല്യം ബാധിക്കാന്‍ ഇടയാകുന്നു. സ്വിറ്റ്സര്‍ലന്റിലെ തന്റെ ആശുപത്രിയില്‍ ഇതിനായി നടക്കുന്ന ശസ്ത്രക്രിയയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിലധികവും ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിര്‍ധനരായ മുറിച്ചുണ്ടുകാരുടെ ശസ്ത്രക്രിയക്കായി ചെലവഴിക്കുന്നതായി ഡോ. ഹെര്മണ്സെയിലര് പറഞ്ഞു.
എല്ലാവരും പുഞ്ചിരിക്കട്ടെ എന്ന സന്ദേശവുമായാണ് താന്‍ ഈ സേവനത്തിനായി മുന്നിട്ടിറങ്ങിയതെന്ന് അദ്ദേഹം വിശദീകരിച്ചു.—ഡോ. ഹെര്മണ്സെയിലറുടെ പ്രവര്‍ത്തനം മാനിച്ച് തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. ഭാരതത്തില്‍ നാലിടങ്ങളില്‍ ഇത്തരം സൗജന്യ ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്തോമസ് ആശുപത്രിയില്‍ ഇതിനകം ആയിരത്തിലധികം പേര്‍ക്ക് മുറിച്ചുണ്ട് ശസ്ത്രക്രിയ നടത്തിയതായി അദ്ദേഹം പറഞ്ഞു.
ക്ലെഫ്ട്സ് ചില്‍ഡ്രന്‍ ഇന്റര്‍നാഷനലിന്റെ സഹകരണത്തോടെ ഡോ എ. കെ. ചെറിയാന് സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ശസ്ത്രക്രിയക്ക് വിധേയരായ നിര്‍ധനരായ കുട്ടികള്‍ക്കുള്ള പുനരധിവാസകേന്ദ്രം ആരംഭിച്ചതായി ആശുപത്രി ഡയറക്ടര്‍ ഡോ. തോമസ് മാത്യു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2317141, 8289906350 നമ്പറുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: