തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരായിരുന്നു മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ എന്ന് തെളിയിക്കുന്നതിന് ഔദ്യോഗിക രേഖകള്‍. പദ്ധതിയെ അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കേന്ദ്ര തുറമുഖ വകുപ്പ് ധനകാര്യവകുപ്പിന് കത്തെഴുതിയിരുന്നു. വിഴിഞ്ഞം പദ്ധതി വല്ലാര്‍പാടം പദ്ധതിയെ വിഴുങ്ങും എന്നു വ്യക്തമാക്കിയായിരുന്നു ഇത്. ഇരുതുറമുഖങ്ങളും ഒരേചരക്കുകളായിരിക്കും കൈകാര്യം ചെയ്യേണ്ടത് എന്നതിനാല്‍ രണ്ടും നഷ്ടത്തിലാകുമെന്നും കത്തില്‍ പറയുന്നു.
2014 മെയ് 29ന് തുറമുഖ ഡെപ്യൂട്ടി സെക്രട്ടറി എ.കെ.ശരണ്‍ എഴുതിയ കത്തില്‍ വിഴിഞ്ഞത്തെ അംഗീകരിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്തുകൊണ്ട് വിഴിഞ്ഞം പദ്ധതിക്കായി ഒന്നുംചെയ്തില്ല എന്നതിന് ഉത്തരം നല്‍കുന്നതാണ് ഈ കത്ത്. യുപിഎ സര്‍ക്കാര്‍ പദ്ധതിക്കെതിരായിരുന്നു. കൊളംബോയിലും മറ്റ് വിദേശതുറമുഖത്തും എത്തുന്ന ചരക്കുകപ്പലുകളെ വിഴിഞ്ഞത്തേക്ക് വലിയ തോതില്‍ ആകര്‍ഷിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് തുറമുഖ വകുപ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
2011ല്‍ തുറന്ന വല്ലാര്‍പാടം തുറമുഖത്തിന്റെ കപ്പാസിറ്റി 30ലക്ഷം ടണ്‍ ആയിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും 3.5 ലക്ഷം ടണ്‍ ചരക്കുകള്‍ മാത്രമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. കൊളംബോയില്‍ നിന്നോ മറ്റ് വിദേശ തുറമുഖങ്ങളില്നിന്നോ കപ്പലുകള്‍ എത്തുന്നുമില്ല. അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 1700കോടി മുടക്കുകയും പ്രതിവര്‍ഷം 100കോടി അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിക്കുകയും ചെയ്യുന്നു. ഈ പദ്ധതി പൂര്ണ്ണതോതിലാക്കണമെങ്കില് വര്‍ഷങ്ങളെടുക്കും. അതിനാല്‍ വിഴിഞ്ഞം പദ്ധതിയെ പിന്തുണയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ല. സര്‍ക്കാര്‍ പണം മുടക്കിയ പദ്ധതിയെ തിന്നുന്ന മറ്റൊരു പദ്ധതിയ്ക്കായി പ്രത്യേക ധനസഹായം (വയബിലിറ്റി ഗ്യാപ്പ് ഫണ്ട്) അനുവദിക്കേണ്ടതില്ല. ധനവകുപ്പിന് എഴുതിയ കത്തില്‍ തുറമുഖ വകുപ്പ് വ്യക്തമാക്കിയിരുന്നു.
തീരുമാനം യുപിഎ സര്ക്കാരിന്റെതായിരുന്നെങ്കിലും ബിജെപി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ഗൂഢോദ്ദേശ്യവും കത്തിനുപിന്നിലുണ്ടായിരുന്നു. മോദി അധികാരത്തിലേറിയതിന്റെ പിറ്റേദിവസത്തെ തീയതി വച്ചാണ് കത്ത് എഴുതിയത്.
യഥാര്‍ത്ഥത്തില്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേന്ദ്രതുറമുഖ വകുപ്പില്‍ വിഴിഞ്ഞം സംബന്ധിച്ച് അടഞ്ഞ ഫയല്‍ ആയിരുന്നു. പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാലിന്റെ നേതൃത്വത്തില്‍ ബിജെപി സംഘം തുറമുഖ മന്ത്രി നിതിന്‍ ഗഡ്ഗരിയെ കണ്ടപ്പോള്‍ പദ്ധതിക്കായി ഒരു അപേക്ഷയും കേരളത്തിന്റെ ഭാഗത്തുനിന്ന് തനിക്ക് കിട്ടിയിട്ടില്ലെന്നും സംസ്ഥാനത്തിന് ആവശ്യമുള്ള പദ്ധതിയാണേല് സഹകരിക്കാമെന്നും ഉറപ്പുനല്‍കി.
പിന്നീട് തുറമുഖവകുപ്പാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാട്ടിയത്. തുറമുഖ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയെ വിളിച്ച് ചര്‍ച്ചനടത്തി. കേന്ദ്രം മുന്നോട്ടുവെച്ച പദ്ധതി കേരളം അതേപടി അംഗീകരിക്കുകയായിരുന്നു. പ്രത്യേക കേന്ദ്രധനസഹായമായി 600 കോടി അനുവദിക്കുകയും പദ്ധതി കരാറിലാകാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെകൂടി സമ്മര്‍ദ്ദ ഫലമായിട്ടാണ് അദാനിഗ്രൂപ്പ് വിഴിഞ്ഞവുമായി സഹകരിക്കാന്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: