മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിനിടയാക്കിയ പ്രശ്നം ഉണ്ടാക്കിയത് ഫയര്‍ഫോഴ്സ് ജീവനക്കാരാണെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അദ്ദേഹം ഡിജിപിക്ക് സമര്‍പ്പിച്ചു.
വിമാനത്താവളത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വിഷയങ്ങളാണ് പ്രശ്നകാരണം. വിമാനത്താവളത്തിന്റെ സുരക്ഷയെ ഇത് ബാധിച്ചിട്ടില്ല. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സിഐഎസ്എഫ് ജവാന് സീതാറാം ചൗധരിയുടെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. സീതാറാം ചൗധരിയുടെ കൈതുളച്ചെത്തിയ വെടിയുണ്ട തറച്ചാണ് സിഐഎസ്എഫ് ജവാന് ജയ്പാല് യാദവ് മരിച്ചത്. പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ്്, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫയര്‍ഫോഴ്സ് ജീവനക്കാര്‍ തന്റെ പിസ്റ്റള്‍ വലിച്ചൂരി നിറയൊഴിച്ചെന്നാണ് ചികില്‍സയില്‍ കഴിയുന്ന ജവാന് സീതാറാം ചൗധരിയുടെ മൊഴി. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ തോക്കെടുത്ത് നിറയൊഴിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് വെടിയേറ്റത്, ചൗധരി വെളിപ്പെടുത്തി.
അതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഒമ്പതുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സ് ജീവനക്കാരായ ജഗന്നാഥന് നായര്‍, ജോസഫ് ഷൈന്‍, റിനീഷ്, അജിത്കുമാര്‍, ശ്രീധരന്, റിജു, ജോഷി, അനീഷ്, മധു മോഹന്‍ എന്നിവരുെട അറസ്റ്റാണ് കൊണ്ടോട്ടി സിഐ രേഖപ്പെടുത്തിയത്. ഇവര്‍ക്കുമേല്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, ഡ്യൂട്ടി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 11 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
എന്നാല്‍ ബാക്കിയുള്ളവരുെട അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന രണ്ടു ഫയര്‍ഫോഴ്സ് ജീവനക്കാരുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തും. ചികില്‍സയിലുള്ള സണ്ണി, അജീഷ് എന്നിവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എഡിജിപി, ഡിജിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെയും വിമാനത്താവളം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തോക്കുകള്‍ സിഐഎസ്ഐഫ് ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാന്മാര്ക്ക് കൂട്ട സ്ഥലംമാറ്റം ഉണ്ടാകാന്‍ സാധ്യതയുള്ളതായും അറിയുന്നു.
നാശനഷ്ടം ഒന്നേകാല്‍ കോടിയിലധികം
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഒന്നേകാല്‍ കോടിയിലധികം രൂപയുടെ നാശനഷ്ടം. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും രൂപയുടെ നാശനഷ്ടം കണ്ടെത്തിയത്.
ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ ഒരുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഇലക്ട്രിക്കല്‍ സെക്ഷനില്‍ എട്ടു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കുകൂട്ടി. 44 സിഗ്നല്‍ ലൈറ്റുകള്‍ അടിച്ചുതകര്‍ത്തു. ഒന്നിന് ഇരുപതിനായിരം രൂപാ വിലവരുന്നതാണവ. സിഐഎസ്എഫ് വിഭാഗത്തിന്റെ കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തതില്‍ വേറെയും നഷ്ടമുണ്ട്. സിവില്‍ വിഭാഗത്തിലും 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: