അരുവിക്കരയിലൂടെ….
തിരുവനന്തപുരം: വികസന കാര്യത്തില്‍ അരുവിക്കരയ്ക്ക് പതിനാലാം സ്ഥാനം. സിപിഎം സ്ഥാനാര്‍ത്ഥി എം.വിജയകുമാര്‍ ഇതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ 14 നിയമസഭാ മണ്ഡലങ്ങളേ ഉള്ളു. 15 മണ്ഡലമുണ്ടായിരുന്നെങ്കില് 15-ാം സ്ഥാനത്തായിരിക്കും അരുവിക്കര. എം.വിജയകുമാര്‍ പറഞ്ഞത് അക്ഷരം പ്രതിശരിയാണ്. വികസനം എന്നത് അരുവിക്കരയുടെ പാടത്തുമില്ല, വരമ്പത്തുപോലും എത്തിയിട്ടുമില്ല.
കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ ആഘോഷപൂര്‍വ്വം തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വികസനത്തില്‍ അരുവിക്കര പിന്നിലാണെന്ന് സമ്മതിക്കുന്നു. അതുകൊണ്ടാണല്ലോ വികസനത്തിനായി വോട്ടുചോദിച്ചത്. കേരളവും അരുവിക്കരയും ഭരിച്ചതും ഭരിക്കുന്നതും കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് മുന്നണികളാണ്. എന്നിട്ടും എന്തേ അരുവിക്കര നമ്മുടെ ദൃഷ്ടിയില് ഇതുവരെ പെട്ടില്ലാ…?
അരുവിക്കരയില്‍ ആകെ പഞ്ചായത്ത് എട്ട്. നാലും നാലും പങ്കിട്ട് ഇടതും കോണ്‍ഗ്രസ്സും ഭരിക്കുന്നു. കലുങ്ക് കെട്ടേണ്ടതും ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടറെ കണ്ടെത്തേണ്ടതും മരുന്ന് ഉറപ്പാക്കേണ്ടതും വിദ്യാലയങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും പഞ്ചായത്തുകളല്ലേ? ഇടറോഡുകള്‍ നന്നാക്കേണ്ടതും ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തേണ്ടതും പഞ്ചായത്തുകളുടെ ചുമതലയല്ലേ? ഇവ ചെയ്യുന്നതില്‍ ഏതെങ്കിലും പഞ്ചായത്ത് വിജയിച്ചുവെന്ന് സമ്മതിക്കാന്‍ കഴിയുമോ? പഞ്ചായത്ത് ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ജനക്ഷേമം ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ല. ബിജെപിയാകട്ടെ മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും ഭരണത്തിലുമില്ല. അതുകൊണ്ടുതന്നെ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് ഉത്തരവാദി രാജഗോപാലല്ലല്ലോ?
ഇനി നിയമസഭയുടെ കാര്യമെടുക്കാം. കാല് നൂറ്റാണ്ടു തികയാന്‍ പോകുന്നു കോണ്‍ഗ്രസ് വിജയത്തിന്. കാര്ത്തികേയന് എംഎല്‍എ ആയി, മന്ത്രിയായി, സ്പീക്കറുമായി. എന്നിട്ടും എന്തേ അരുവിക്കരയ്ക്ക് ദുരവസ്ഥ! ജനങ്ങള്‍ തുണച്ചിട്ടും ഭരണം കയ്യിലുണ്ടായിട്ടും വികസനം അരുവിക്കരയിലെത്തിയില്ല. അതിന് ശ്രമിച്ചിട്ടുമില്ല. ‘അവന് മടുക്കുമ്പോള്‍ അടിയന് കാണിക്കും അതിലും വലിയൊരു മെയ് വഴക്കം’ എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അച്ഛന് കഴിയാത്തത് മകന് കൊണ്ടുവരുമെന്ന വാഗ്ദാനം തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികളാകുമോ അരുവിക്കരയിലെ വോട്ടര്‍മാര്‍ ? ഒരിക്കലുമില്ല. കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ച് ഇനി ഒരബദ്ധത്തില്‍ കൂടി ചെന്നു വീഴാന്‍ അവര്‍ ഒരുങ്ങില്ല.
നിയമസഭാംഗത്തിന്റെ കാര്യം അങ്ങിനെ. അരുവിക്കര ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്പ്പെട്ടതാണല്ലോ. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചത് എം. വിജയകുമാറിന്റെ ശിഷ്യന് എ.സമ്പത്താണ്. ഒരിക്കലല്ല മൂന്നാംതവണ. അതിന് മുമ്പ് ചിറയിന്‍കീഴ് മണ്ഡലമായപ്പോഴും ജയിച്ചത് വിജയകുമാറിന്റെ ഗുരു വര്‍ക്കല രാധാകൃഷ്ണന്. ഇത്രദീര്ഘകാലം ലോക്സഭില്‍ അരുവിക്കര ഉള്‍പ്പെട്ട മണ്ഡലത്തില്‍ നിന്നും സിപിഎം വിജയിച്ചിട്ട് എന്ത് നേട്ടമുണ്ടാക്കി. ഒരു കേന്ദ്രപദ്ധതിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനമെങ്കിലും ആരോഗ്യകേന്ദ്രമെങ്കിലും വ്യവസായ സ്ഥാപനമെങ്കിലും അരുവിക്കരയ്ക്കായി കൊണ്ടുവന്നോ? അതിനുവേണ്ടി ഒരു നിവേദനമെങ്കിലും കേന്ദ്രസര്‍ക്കാരിന് നല്‍കിയോ? ഒരു ഉപക്ഷേപമെങ്കിലും ലോക്സഭയില്‍ അവതരിപ്പിച്ചോ? ഇല്ലേ ഇല്ലെന്ന് ജനങ്ങള്‍ക്കറിയാം. സ്വാഭാവികമായും ചോദിച്ചേക്കും. രാജഗോപാല്‍ ജയിച്ചാലോ? വ്യക്തമായ ഉത്തരമുണ്ട്. പ്രധാനമന്ത്രിയടക്കം കേന്ദ്രത്തിലെ മുഴുവന്‍ മന്ത്രിമാരും ഒ.രാജഗോപാലിനെ ആദരവോടെ കാണുന്നവരാണ്.
രാജഗോപാലിനെ അറിയുന്നവരാണ്. ദേശീയതലത്തില്‍ അംഗീകാരമുള്ള ജനനായകനാണദ്ദേഹം. രാജഗോപാല്‍ ഒരു വാക്കു പറഞ്ഞാല്‍ പറ്റില്ലെന്ന് പറയുന്നവരല്ല ഇന്ന് കേന്ദ്രം ഭരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ഈ പിന്നോക്ക മണ്ഡലത്തിനായി അര്‍ഹിക്കുന്നത് ചോദിച്ചു വാങ്ങാന്‍ രാജഗോപാലിന് സാധിക്കും! അതിന് വക്കീലായ രാജഗോപാലിന് ഒരു വക്കാലത്ത് വേണം. അത് വോട്ടായി നല്കി രാജഗോപാലിനെ വിജയിപ്പിച്ചാല്‍ ജനങ്ങളുടെ കേസ് വാദിച്ച് ജയിക്കും.
25 വര്‍ഷം ശ്രമിച്ചിട്ടും വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രത്തിന്റെ പൂര്‍ണ്ണ അനുമതി ലഭിച്ചത് രാജഗോപാലിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അതുകൊണ്ട് ഒരു തവണ ഇത്തവണ ഒ.രാജഗോപാലിനെ വിജയിപ്പിച്ചു നോക്കാമെന്ന ചിന്ത വോട്ടര്‍മാരില്‍ വലുതായി വളര്‍ന്നു കഴിഞ്ഞു. അമ്മമാരില്‍, മുതിര്‍ന്നവരില്‍ കന്നി വോട്ടര്മാരിലെല്ലാം ഒരു മാറി ചിന്ത പ്രകടമാണ്. അരുവിക്കരയിലൂടെ സഞ്ചരിക്കുമ്പോള്‍ അത് ബോധ്യമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: