തിരുവനന്തപുരം: മുന്നണിക്കെതിരെ യുദ്ധം തുടരുന്ന പി. സി. ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നീക്കം. പാര്‍ട്ടിയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജിനെ പുറത്താക്കാന്‍ ജോസഫ് വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ മാണിവിഭാഗം ഈ ആവശ്യത്തോടു അനുകൂലനിലപാടു സ്വീകരിച്ചിട്ടില്ല.
കേരളാകോണ്‍ഗ്രസിന്റെ വിശ്വാസ്യതയും ജനസമ്മതിയും തകര്‍ത്തു. പാര്‍ട്ടിയെ നിരന്തരം അപമാനിക്കുന്നു. ഇതിനുപുറമേ അരുവിക്കരയില്‍ യുഡിഎഫിനെതിരെ സ്വന്തം സ്ഥാനാര്‍ഥിയെക്കൂടി ജോര്‍ജ് മത്സരത്തിനിറക്കി. ഇനിയും ജോര്‍ജെന്ന വിഴുപ്പ് ഭാണ്ഡത്തെ ചുമക്കേണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. നാളെ കൊച്ചിയില്‍ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ജോര്‍ജ്ജിനെ അടിയന്തരമായി പുറത്താക്കണമെന്ന ആവശ്യം ഉയരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആന്റണി രാജു പരസ്യമായിതന്നെ ജോര്‍ജിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
അരുവിക്കരയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്ന ജോര്‍ജിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് കേരളാകോണ്‍ഗ്രസിന്റെ വികാരം. പാര്‍ട്ടി, മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ജ് നിരന്തരമായി നേതൃത്വം നല്കുന്നു. പാര്‍ട്ടിയില്‍നിന്നു പുറത്തുപോകാനുള്ള വഴിയാണ് ജോര്‍ജ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. പുറത്താക്കാന്‍ വൈകിയാല്‍ കേരളാകോണ്‍ഗ്രസിനെ താറടിച്ച് കാട്ടാനുള്ള ശ്രമം ജോര്‍ജ്ജ് തുടരും. അതുകൊണ്ട് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ആന്റണി രാജു വ്യക്തമാക്കി.
എന്നാല്‍ ജോര്‍ജ്ജിനെ പുറത്താക്കുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ മാണി വിഭാഗം തയാറായിട്ടില്ല. പുറത്താക്കിയാല്‍ ജോര്‍ജ് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് മാണിക്കെതിരെ തിരിയുമെന്നാണ് അവരുടെ ഭയം.മാത്രമല്ല, നിയമസഭയില്‍ ജോര്‍ജിനെ വരുതിയില്‍ നിര്‍ത്തണമെങ്കില്‍ വിപ്പ് പാലിക്കാനുള്ള ബാധ്യത നിലനിര്‍ത്തേണ്ടതുണ്ട്. വേണമെങ്കില്‍ ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ച് പാര്‍ട്ടിക്കു പുറത്തുപൊയ്ക്കോട്ടെ എന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.
അതിനിടെ ജോര്‍ജിന് പ്രതീക്ഷ നല്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തുവന്നു. യുഡിഎഫിനെതിരായ നിലപാട് സ്വീകരിച്ചാല്‍ നിയമസഭയില്‍ പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് കോടിയേരി പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകും.
യുഡിഎഫില്‍നിന്ന് ഒരു കക്ഷി എല്‍ഡിഎഫിലെത്തുമെന്നും കോടിയേരി അവകാശപ്പെട്ടിട്ടുണ്ട്.ജോര്‍ജിനെ കയറഴിച്ചുവിടുന്നതില് യുഡിഎഫിലും അതൃപ്തി പടരുന്നുണ്ട്. മുന്നണിക്കകത്തുനിന്നുകൊണ്ടു സര്‍ക്കാരിനെതിരെ ജോര്‍ജ് നടത്തുന്ന വിമര്‍ശനങ്ങളെ കണ്ടില്ലെന്നു നടക്കാനാവില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷമെങ്കിലും ജോര്‍ജിനെതിരെ കേരള കോണ്‍ഗ്രസ് എം നടപടിയെടുക്കണമെന്നാണ് യുഡിഎഫ് നേതാക്കളുടെ ആവശ്യം. ഈ അവസരം മുതലെടുത്ത് ജോര്‍ജിനെ പുറത്താക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: