കോട്ടയം: ശബരിറയില്പ്പാത അട്ടിമറിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് ശബരി റയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന ശബരിപാത ഇല്ലാതാക്കുന്നതിന് ചില തല്പരകക്ഷികള് ശ്രമിക്കുന്നതാണ് പാതയുടെ നിശ്ചലാവസ്ഥയ്ക്ക് കാരണം.
ശബരിപാതയ്ക്ക് പണമില്ലെന്നു പറയുന്ന സര്‍ക്കാര്‍ മറ്റ് പദ്ധതികള്‍ക്ക് വാരിക്കോരി പണം ചെലവഴിക്കുന്നു. സംസ്ഥാനത്തിന് പ്രത്യക്ഷമായും പരോക്ഷമായും ആയിരം കോടിയിലധികം രൂപ വര്‍ഷം തോറും വരുമാനമുള്ള ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കമാണ് പദ്ധതി അട്ടിമറിക്കുന്നതിന് പിന്നില്‍. 1998 ല്‍ അംഗീകാരം ലഭിച്ച ഈ പദ്ധതിയുടെ സ്തംഭനാവസ്ഥയ്ക്ക് കാരണം സമയബന്ധിതമായി ഭൂമി ഏറ്റെടുത്തു കൊടുക്കാതിരുന്ന മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകളുടെ കുറ്റകരമായ അനാസ്ഥയാണ്.
ചെങ്ങന്നൂര്‍-തിരുവനന്തപുരം അതിവേഗ റെയില്‍പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് പത്തുകോടിയും, നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്ക് പത്തുകോടി രൂപയും ബജറ്റില്‍ നീക്കിവയ്ക്കാന്‍ തയ്യാറായ സംസ്ഥാന സര്‍ക്കാര്‍ ശബരിപാതയെ തമസ്കരിക്കുന്നത് ഭൂഷണമല്ല.
2013 ഡിസംബര്‍ നാലിലെ മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിച്ച് ശബരിപാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാത്തപക്ഷം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്,
അയ്യപ്പസേവാസംഘം തുടങ്ങി വിവിധ സംഘടനകളുമായി കൂട്ടുചേര്‍ന്ന് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ശബരി റയില്‍ സെന്‍ട്രല്‍ ആക്ഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കെ.ആര് അരവിന്ദാക്ഷന്, ഡിജോ കാപ്പന്, ആര്. മനോജ് പാലാ, മോഹന്‍ കെ. നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: