കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (എന്‍ഐഒഎസ്) 2014-15 വര്‍ഷത്തെ സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തി. എന്‍ഐഒഎസ് കൊച്ചി റീജ്യണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കോമണ്‍വെല്‍ത്ത് എജ്യൂക്കേഷണല്‍ മീഡിയ സെന്റര്‍ ഫോര്‍ ഏഷ്യയുടെ ഉപഹാരം പ്രൊഫ. എം.കെ. സാനു വിതരണം ചെയ്തു. അഞ്ച് റാങ്ക് ജേതാക്കളില്‍ നാല് പേരും വിദ്യാനികേതന്‍ സ്കൂളില്‍ നിന്നുള്ളവരാണ്. തൃശൂര്‍ എടവിലങ്ങ് സരസ്വതി വിദ്യാനികേതനിലെ അശ്വതി ടി.പി., സാന്ദ്ര സി.ജെ., നവ്യ കെ.ജെ., കോട്ടയം ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ ആതിര ടി., മട്ടാഞ്ചേരിയിലെ ശ്രീലത ആര് എന്നിവരാണ് റാങ്ക് ജേതാക്കള്‍.
കേരളം ഒന്നിനൊന്ന് അധ:പതിക്കുന്ന സാഹചര്യത്തില്‍ റാങ്ക് ജേതാക്കളായ വിദ്യാര്‍ത്ഥികളില്‍ പ്രതീക്ഷയേറുന്നുവെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. ഞങ്ങളുടെ ഭാവി ഞങ്ങള്‍ തന്നെ തീരുമാനിക്കുമെന്ന നിശ്ചയദാര്‍ഢ്യം ഇവര്‍ക്കുണ്ട്. എന്ത് നേടി എന്നതിനൊപ്പം സമൂഹത്തിന് എന്ത് നല്കി എന്നതും ഓരോരുത്തരും പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീജ്യണല്‍ ഡയറക്ട്ര് വി.എസ്. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. റിട്ട.ജില്ലാ ജഡ്ജ് പി.എസ്. ദിവാകരന് മുഖ്യാതിഥിയായിരുന്നു. കോ ഓര്‍ഡിനേറ്റര്‍ പി.കെ. സുജാത ആശംസയര്‍പ്പിച്ചു. വര്‍ഷത്തില്‍ രണ്ട് പൊതുപരീക്ഷകളാണ് എന്‍ഐഒഎസ് നടത്തുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലായി സെക്കണ്ടറി തലത്തില്‍ മൂന്ന് ലക്ഷവും ഹയര്‍സെക്കണ്ടറി തലത്തില്‍ അഞ്ച് ലക്ഷവും വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: