തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി രാജ്യവ്യാപകമായി നിരോധിച്ച മാഗി നൂഡില്‍സിന്റെ വില്പന നടക്കുന്നില്ലെന്നുറുപ്പു വരുത്താന്‍ സംസ്ഥാനത്ത് ജില്ലാതല ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍ വിന്യസിക്കും. നൂഡില്‍സ് വില്‍പ്പന നടക്കന്നില്ലെന്നുറപ്പു വരുത്താന്‍ വ്യാപാരസ്ഥാപനങ്ങളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
സംസ്ഥാനത്തു ലഭ്യമായ എല്ലാ ബ്രാന്‍ഡഡ് നൂഡില്‍സുകളും പരിശോധനയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാഗിയുടെ നിരോധനം ഉറപ്പുവരുത്തന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
എംഎസ്ജി അടക്കമുള്ള രുചിവര്‍ധക രാസവസ്തുക്കളുടെ അമിതോപയോഗം തടയുന്നതിന് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അതതു ദിവസങ്ങളില്‍ത്തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി. കോടതികളില്‍ കെട്ടിക്കിടക്കുന്ന മായംചേര്‍ക്കല്‍ കേസുകള്‍ പെട്ടെന്നു തീര്‍പ്പുകല്‍പ്പിക്കുന്നതിന്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കുവാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് സെക്രട്ടറി ജി. കമലവര്‍ധന റാവു, ഫുഡ്സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍, എന്‍ഫോഴ്സമെന്റ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ ഡി. അഷറഫ്, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡി. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: