കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ടി. ഒ. സൂരജിന്റെ നിലപാട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. നുണപരിശോധന നടത്തുന്ന കാര്യം തീരുമാനിക്കേണ്ടത് സി.ബി.ഐ ആണെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ നുണപരിശോധനയ്ക്കുള്ള സമ്മതം അറിയിക്കാനും കോടതി സൂരജിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് കോടതിയെ അറിയിച്ചത്.
നുണപരിശോധനയ്ക്ക് സൂരജ് തയാറായത് കേസ് അന്വേഷണം വൈകിപ്പിക്കാനാണെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. അതിനാല്‍ സൂരജിനെ ഉടന്‍ കേസില്‍ പ്രതി ചേര്‍ക്കാനാണ് സിബിഐ നീക്കം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സൂരജ് തണ്ടപ്പേര് റദ്ദാക്കിയത് അധികാരപരിധിക്ക് പുറത്തുനിന്നാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. നടപടിക്രമം പാലിച്ചല്ല, സൂരജിന്റെ നടപടിയെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.
അതിനിടെ ഭൂമി തട്ടിപ്പു കേസില്‍ സലിംരാജ് ഉള്‍പ്പടെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിച്ചു. തുറന്ന കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചതെങ്കിലും കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ കോടതി വിലക്കി. കേസിലെ കക്ഷികളും പരാതിക്കാരും അല്ലാതെ മറ്റാരും കോടതിയില്‍ നില്‍ക്കരുതെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: