കണ്ണൂര്‍: കഴിഞ്ഞദിവസം പാനൂരിനടുത്ത് കൊളവല്ലൂര്‍ ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടത് ജില്ലയില്‍ യുവാക്കളെ ചാവേറുകളാക്കി സിപിഎം നേതൃത്വം നടത്തുന്ന രാഷ്ട്രീയ ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ സംഭവം. കാലങ്ങളായി കണ്ണൂരില്‍ പാര്‍ട്ടിവളര്‍ത്താന്‍ സിപിഎം നടത്തുന്ന അക്രമ-കൊലപാതക-ബോംബ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സിപിഎമ്മുകാര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം.
നിരവധി സിപിഎം ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ജില്ലയിലാകമാനം കൊലപ്പെടുത്തിയ സിപിഎം സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരെ ചാവേറുകളെപ്പോലെ മരണത്തിലേക്ക് തളളിവിട്ടതിനും ജീവച്ഛവങ്ങളാക്കിയതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്. ബോംബ് നിര്‍മ്മാണത്തിനിടയിലും, ബോംബുകള്‍ നിര്‍മ്മിച്ചു കടത്തുന്നതിനിടയിലും സിപിഎമ്മുകാര്‍ മരിച്ചതും ഗുരുതരമായി പരിക്കേറ്റതുമായ നിരവധി സംഭവങ്ങളാണ് കണ്ണൂരില്‍ ഉണ്ടായിട്ടുളളത്.
2009 ല്‍ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജന്റെ മകന് ആശിഷ് പി. രാജിന്റെ ഇരുകൈപ്പത്തികളും ബോംബ് നിര്‍മ്മാണത്തിനിടെ തകര്‍ന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന കെ. എം. ജോസഫിന്റെ ആലക്കോട് കുടിയാന്മലയിലെ തറവാട് വീട്ടുമുറ്റത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചിലരുടെ കൈകള്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനടുത്ത് വിഷുനാളില്‍ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനു ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ സംഭവം പുറംലോകമറിഞ്ഞത് ഏറെ വൈകിയാണ്.
2008ല്‍ മട്ടന്നൂരിലെ കോളാരി എകെജി സ്മാരക വായനശാലയ്ക്ക് സമീപം ബോംബ് നിര്‍മ്മാണത്തിനിടെ ഒരു സിപിഎമ്മുകാരന് മരണപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂഴിക്കരയിലെ കുട്ടന് എന്ന സിപിഎം പ്രവര്‍ത്തകനാണ് അന്ന് കൊല്ലപ്പെട്ടത്.
1999 സെപ്തംബര്‍ 30ന് കതിരൂര്‍ പുല്ല്യോട് വെച്ചും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചിരുന്നു. വി. .പി. പ്രദീപ്, വി. സരേഷ് എന്നിവരാണ് അന്ന് ബോംബ് പൊട്ടി മരിച്ചത്. കഴിഞ്ഞ ജനുവരി 18ന് പാനുണ്ട പൊട്ടന്‍പാറ അംഗനവാടിയില്‍ ബോംബ് നിര്മണത്തിനിടയില് നടന്ന സ്ഫോടനത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ജീവ(26)ന്റെ ഇരുകൈപ്പത്തിയും കണ്ണും നഷ്ടപ്പെട്ടിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് പോലീസ് സ്ഫോടനം നടന്നത് അറിഞ്ഞതു തന്നെ.
റെയ്ഡില്‍ അംഗന്‍വാടി കെട്ടിടത്തില്‍ നിന്നും മാംസക്കഷണം പോലീസ് പിന്നീട് കണ്ടെടുക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ബോംബ് നിര്‍മ്മാണ പരിശീലനത്തിനിടയിലാണ് അപകടമുണ്ടായത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പാനൂരിനടുത്ത് ഈസ്റ്റ്ചെറ്റക്കണ്ടിയില്‍ നടന്ന സ്ഫോടനം.
ബോംബുനിര്‍മ്മാണത്തിന് പ്രത്യേക പരിശീലനം പാര്‍ട്ടി ക്ലാസുകളില്‍ നല്‍കുന്നതായും പരിശീലനം സിദ്ധിച്ചവര്‍ ജില്ലയ്ക്കകത്തും പുറത്തും നിര്‍മ്മാണത്തിന് പോകുന്നതായും പോലീസ് കാലങ്ങള്‍ക്ക് മുമ്പേ കണ്ടെത്തിയിരുന്നു. അക്രമിസംഘങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ നല്കി ചെല്ലും ചെലവും നല്കാന് കണ്ണൂരിലെ സിപിഎം നേതൃത്വം തയ്യാറാകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ വഴിവെക്കുന്നത്.
സ്ഫോടനം നടന്നാല്‍ പുറംലോകമറിയാതെ പൂഴ്ത്തി വെയ്ക്കുന്നതും രഹസ്യകേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതും കണ്ണൂരില്‍ പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ സമഗ്രാന്വേഷണം നടത്തി ബോംബ് നിര്‍മ്മാണങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ അവര്‍ക്കെതിരെ നിയമ നടപടികളെടുക്കാനോ പോലീസ് തയ്യാറാവാത്തത് ബോംബ് നിര്‍മ്മാണവുമായി മുന്നോട്ട് പോവാന്‍ സിപിഎമ്മിന് സഹായകമാവുകയാണ്.
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ കൊളവല്ലൂര്‍ ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന സൂചനകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ജില്ലയില്‍ കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ബോംബ് നിര്‍മ്മാണമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാന്‍ ആയുധ പരിശീലനങ്ങളും കുറുവടി മാര്‍ച്ചുമെല്ലാം ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പരസ്യമായി നടക്കുകയാണ്. സിപിഎം അണികളുടെ കൊഴിഞ്ഞുപോക്കു തടയാനായി ജില്ലയിലാകമാനം സംഘര്‍ഷം സൃഷ്ടിക്കാന്‍ നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന നീക്കങ്ങള്‍ക്കിടയിലാണ് സ്ഫോടനം നടന്നതെന്നും വ്യക്തമാവുകയാണ്.
ശാശ്വത സമാധാനത്തിന് ഒരു ഭാഗത്ത് ശ്രമങ്ങള്‍ ശക്തമായി നടക്കുന്നതിനിടയില്‍ ആയുധത്തിന് മൂര്‍ച്ചകൂട്ടി മുന്നോട്ട് പോകുന്ന സിപിഎം നടപടിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലയിലെയും പാനൂര്‍ മേഖലയിലേയും പാര്‍ട്ടിക്കകത്തും നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: