നീലേശ്വരം(കാസര്‍ഗോഡ്): രാജഭരണത്തിന്റെ തിരുശേഷിപ്പായ നീലേശ്വരം കോവിലകം ചിറ നാശത്തിന്റെ വക്കിലേക്ക്. ചിറസംരക്ഷണത്തിന് നഗരസഭയും നാട്ടുകാരും ഒരുക്കിയ പദ്ധതികളൊന്നും ഇതുവരെ നടപ്പിലായില്ല. പട്ടണ നടുവില്‍ ഇത്രയും വലിയൊരു ചിറ അപൂര്‍വ്വമാണ്. തളിയില്‍ ക്ഷേത്രത്തിനും മന്നന്‍പുറത്ത് കാവിനും മദ്ധ്യേ രണ്ടേക്കറോളം സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ചിറയില്‍ വേനലിലും ജലസമൃദ്ധിയായിരുന്ന ചിറ മണ്ണിടിഞ്ഞും മാലിന്യങ്ങള്‍ ഒഴുകിയെത്തിയും ഇപ്പോള്‍ വേനല്‍ക്കാലത്ത് ഫുട്ബോള്‍ മൈതാനമായി മാറിയിരിക്കുകയാണ്. രാജഭരണകാലത്ത് നിര്‍മ്മിച്ച കോവിലകം ചിറയുടെ പടവുകള്‍ ഏതാണ്ട് മുഴുവനായി ഇടിഞ്ഞുവീണു കഴിഞ്ഞു.
രാജകുടുംബങ്ങളുടെ സഹകരണത്തോടെ കോവിലകം ചിറ നവീകരിച്ച് ചിറക്ക് ചുറ്റിലും മനോഹരമായ പാര്‍ക്ക് നിര്‍മ്മിക്കാനും ചിറ നീന്തല്‍ പരിശീലനത്തിനും ചവിട്ടിത്തുഴയുന്ന ബോട്ടുകള്‍ ഇറക്കി കുട്ടികളുടെ ഉല്ലാസത്തിനും ഉപയോഗിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിരുന്നു. പക്ഷെ പദ്ധതികള്‍ ലക്ഷ്യം കണ്ടില്ല.
മന്നന്‍പുറത്ത് കാവില്‍ പൂരോത്സവ കാലത്ത് പൂരം കുളിക്കും, തളിയില്‍ ക്ഷേത്രം ആണ്ടുല്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ആറാട്ടിനും വേണ്ടി ചിറയുടെ രണ്ട് വശങ്ങളില് കടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മറ്റു ഭാഗങ്ങളില്‍ ചിറക്ക് സംരക്ഷണ മതിലുകള്‍ പോലുമില്ല. സമീപത്തു കൂടി പോകുന്ന ഇടുങ്ങിയ റോഡില്‍ വാഹനങ്ങള്‍ അപകട ഭീതിയോടെയാണ് കടന്നുപോകുന്നത്.നഗരസഭ മുന്‍കൈയെടുത്ത് രാജകുടുംബങ്ങളുമായി സഹകരിച്ച് പുതിയൊരു പദ്ധതിക്ക് രൂപം കൊടുത്താല്‍ ശുദ്ധജല സ്രോതസ്സായും ഉല്ലാസകേന്ദ്രമായും കോവിലകം ചിറ നവീകരിക്കാം. അധികാരികള്‍ മുന്‍കൈയ്യെടുത്ത് ചിറ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: