ന്യൂദല്‍ഹി: കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരായ വിഎസ് അച്യുതാനന്ദന്റെ പരസ്യപ്രസ്താവന പോളിറ്റ് ബ്യൂറോ കമ്മീഷന്റെ പരിഗണനക്ക് വിടാന്‍ ന്യൂദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. പിബി കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനത്ത് പ്രകാശ് കാരാട്ട് തുടരും. പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ഉപസമിതിയുടെ അദ്ധ്യക്ഷസ്ഥാനവും കാരാട്ടിനാണ്.
തനിക്കെതിരെ ഔദ്യോഗികപക്ഷം നീങ്ങുന്നുവെന്ന് വിഎസ് അച്യുതാനന്ദന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ട് പരാതിപ്പെട്ടിരുന്നു.വിഎസിന്റെ പരസ്യപ്രസ്താവനയില്‍ കര്‍ശനനടപടി വേണമെന്ന് ഔദ്യോഗികപക്ഷവും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേന്ദ്രക്കമ്മിറ്റിയില്‍ പഴയ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്കെതിരായ പരസ്യപ്രസ്താവനയും പിബിയുടെ ശാസനയും റിപ്പോര്‍ട്ട് ചെയ്യുകമാത്രമാണുണ്ടായത്. കാര്യമായ ചര്ച്ചകളുണ്ടാകാതെ പുതിയ പ്രസ്താവനയും കേരളവിഷയങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്റെ പരിഗണനക്ക് വിടാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.
പ്രകാശ് കാരാട്ട് പിബി കമ്മീഷന്റെ അദ്ധ്യക്ഷനായി തുടരും.അടുത്ത കേന്ദ്രകമ്മിറ്റിയോഗത്തിന് മുമ്പ് പിബി കമ്മീഷന് യോഗം ചേരുമെന്നാണ് സൂചന.അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പ്രസ്താവനയില്‍ മേല്‍ വിഎസിനെതിരെ നടപടികള്‍ വേണ്ടെന്ന് തീരുമാനത്തിലെത്തിയത്. അതേസമയം പിബി കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്ത് പ്രകാശ് കാരാട്ട് തുടരുന്നത് പൊളിറ്റ് ബ്യൂറോയില്‍ സംസ്ഥാനനേതൃത്വത്തിനുള്ള സ്വാധീനത്തിന്റെ സൂചനയായി.
പാര്‍ട്ടിയുടെ സംഘടനാചുമതലയുള്ള ഉപസമിതിയുടെ അദ്ധ്യക്ഷനായി പ്രകാശ് കാരാട്ടിനെ തീരുമാനിച്ചു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, വിദേശകാര്യം എന്നിവയുടെ ഉപസമിതി അദ്ധ്യക്ഷന്‍ എം.എ.ബേബിയാണ്. എസ് രാമചന്ദ്രന് പിള്ളയാണ് ധനകാര്യം അച്ചടക്ക ഉപസമിതികളുടെ അദ്ധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: