തിരുവനന്തപുരം: ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സിനുമേല്‍ ബാഹ്യസമ്മര്ദ്ദമുണ്ടായിരുന്നുവെന്ന ആക്ഷേപം ശരിവച്ച് മുന്‍ വിജിലന്‍സ് എഡിജിപിയുടെ കുറ്റസമ്മതം. ബാര്‍ കോഴക്കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസാണ് സര്‍ക്കാരിനെ വെട്ടിലാക്കി രംഗത്തെത്തിയത്. ബാര്‍കോഴ കേസില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു താന്‍ വഴങ്ങിയിട്ടില്ലെന്നുമാണ് ഡിജിപി വ്യക്തമാക്കിയത്. ഇതോടെ അന്വേഷണത്തിലുടനീളം കേസ് അട്ടിമറിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് തെളിയുകയാണ്.
ജേക്കബ് തോമസിനെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡിജിപിയായി നിയമിച്ചതിന് ശേഷമാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി നിയമോപദേശം തേടിയത്. ഇതും ഗൂഢാലോചനയുടെ ഭാഗമായാണെന്നു വേണം കരുതാന്‍. സ്ഥാനക്കയറ്റം ലഭിക്കുന്നതിനു മുന്‍പ് ബാര്‍കോഴ കേസില്‍ കുറ്റപത്രം നല്‍കാനായിരുന്നു ജേക്കബ് തോമസ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ നിയമോപദേശത്തിന്റെ പേരില്‍ ഇതു നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ജേക്കബ് തോമസിനെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് മാണിക്കനുകൂലമായ നിയമോപദേശം വിജിലന്‍സിനു ലഭിച്ചത്.
എന്നാല്‍ ജേക്കബ് തോമസിന്റെ വെളിപ്പെടുത്തലോടെ നിയമോപദേശത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ബാര്‍ കോഴ കേസില്‍ നിഷ്പക്ഷമായ അന്വേഷണമാണു നടന്നത്. അന്വേഷണത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല. സര്‍ക്കാരിന്റെയോ വ്യക്തികളുടെയോ താത്പര്യങ്ങള്‍ക്കു നിന്നുകൊടുത്തിട്ടില്ല. അന്വേഷണത്തിനിടെയുണ്ടായ പ്രതിബന്ധങ്ങള്‍ മനോധൈര്യം കൊണ്ടാണ് നേരിട്ടതെന്നുമായിരുന്നു ജേക്കബ് തോമസ് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അന്വേഷണത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായപ്പോള്‍ അവധിയില്‍ പോയ കാര്യവും ജേക്കബ് തോമസ് സ്ഥിരീകരിച്ചു. വിജിലന്‍സിനു മുകളില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഇത് വാര്‍ത്തയായപ്പോള്‍ സ്വാഭാവിക അവധിയാണെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്.
ജേക്കബ് തോമസിന്റെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെയും യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുകയാണ്. നിയമോപദേശത്തിന്റെ മറവില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ എന്ന ആരോപണത്തിനെ ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍ ശക്തിവയ്ക്കും. മാണിക്കെതിരെ പരാതി നല്കിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശും കോടതിയെ സമീപിച്ചാല്‍ മാണിക്കും വിജിലന്സനും ഒരേപോലെ തിരിച്ചടിയാകും. മാണി കുറ്റക്കാരനല്ലെന്ന നിയമോപദേശം ഉയര്‍ത്തിക്കാട്ടി അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസിനും മുന്‍ വിജിലന്‍സ് എഡിജിപിയുടെ വെളിപ്പെടുത്തല്‍ തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: